ന്യൂദല്‍ഹി: കേന്ദ്ര സര്‍വകലാശാലകളിലെ ഒ.ബി.സി ക്വാട്ടയിലേക്കുള്ള പ്രവേശനത്തിന് പൊതുവിഭാഗത്തിലേതിനേക്കാള്‍ 10 ശതമാനം കുറഞ്ഞമാര്‍ക്ക് മതി. ഒ.ബി.സിക്കാര്‍ക്ക് ജനറല്‍ ക്വാട്ടയിലേതിനേക്കാള്‍ 10 ശതമാനം കുറവ് മാര്‍ക്ക് മതിയെന്ന ഡല്‍ഹി ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന ഹരജിയിലാണ് നിലവിലുള്ള സ്ഥിതി തുടരാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. മറ്റ് പിന്നാക്കക്കാരുടെ പ്രവേശനത്തിന് പൊതു വിഭാഗത്തിലേതിനേക്കാള്‍ 10 ശതമാനം കുറഞ്ഞമാര്‍ക്ക് മതിയെന്ന ഡല്‍ഹി ഹൈക്കോടതിവിധി സുപ്രീംകോടതി ശരിവെക്കുകയാണ് ചെയ്തത്. ജസ്റ്റിസുമാരായ ആര്‍.വി രവീന്ദ്രന്‍, എ.കെ പട്‌നായിക് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് വിധി പറഞ്ഞത്.

പിന്നാക്കവിഭാഗക്കാരുടെ പ്രവേശനത്തിനുള്ള യോഗ്യതകള്‍ക്കായി ജനറല്‍ വിഭാഗത്തിന് നിശ്ചയിച്ച കട്ട്-ഓഫ് മാര്‍ക്കിനെക്കാള്‍, പത്തു ശതമാനം കുറഞ്ഞ മാര്‍ക്ക് മാനദണ്ഡമായി നിജപ്പെടുത്തണോ, ജനറല്‍ വിഭാഗത്തില്‍ നിന്ന് അവസാനമായി പ്രവേശനം ലഭിച്ച വിദ്യാര്‍ഥിയുടെ മാര്‍ക്കില്‍നിന്ന് പത്തു ശതമാനം ഇളവു നല്‍കണമോ എന്നാണ് കോടതി മുഖ്യമായും പരിശോധിച്ചത്. 2008ലെ സുപ്രീംകോടതി വിധി പ്രകാരം പിന്നാക്കക്കാര്‍ക്കുള്ള കട്ട്-ഓഫ് മാര്‍ക്ക് ജനറല്‍ വിഭാഗത്തിനുള്ള പൊതു യോഗ്യതാ മാര്‍ക്കിനെക്കാള്‍ അഞ്ചു മുതല്‍ പത്തു ശതമാനം വരെ മാത്രമേ കുറയാവൂവെന്നാണ് ഹര്‍ജി. ചെന്നൈ ഐ.ഐ.ടി.യിലെ മുന്‍ പ്രൊഫസര്‍ പി.വി. ഇന്ദിരേശനാണ് ഹര്‍ജിക്കാരന്‍. അഡ്വ. ഇന്ദു മല്‍ഹോത്രയാണ് ഇന്ദിരേശന് വേണ്ടി ഹാജരായത്.

ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ അവസാനിച്ചിട്ടും ഒ.ബി.സി സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന കോളേജുകളില്‍ പ്രവേശനത്തിനുള്ള അവസാന തിയതി ആഗസ്ത് 31വരെ നീട്ടി. അര്‍ഹരായ ഒ.ബി.സി വിദ്യാര്‍ഥികളില്ലെങ്കില്‍ ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് ഈ ക്വാട്ടയില്‍ പ്രവേശനം നല്‍കാമെന്നും കോടതി വിധിച്ചിട്ടുണ്ട്. 2011-2012 വര്‍ഷങ്ങളിലെ പ്രവേശനത്തിന് നിര്‍ദേശം ബാധിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.