ജയ്പൂര്‍: വന്‍അഴിമതികള്‍ക്ക് പിന്നില്‍ പിന്നാക്ക വിഭാഗക്കാരും പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാരുമാണെന്ന പ്രമുഖ രാഷ്ട്രീയ നിരൂപകന്‍ ആഷിശ് നാന്ദി നടത്തിയ പരാമര്‍ശം വിവാദമായി.  വിവാദ പ്രസ്താവനയെ തുടര്‍ന്ന് ആശിഷ് നന്ദിക്കെതിരെ ജയ്പൂര്‍ പോലീസ് കേസെടുത്തു.

സെക്ഷന്‍ 506 ഐ.പി.സി, എസ്.സി എസ്.ടി ആക്ട് വകുപ്പുകള്‍ പ്രകാരമാണ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ ‘റിപബ്‌ളിക് ഓഫ് ഐഡിയാസ്’ എന്ന ചര്‍ച്ചക്കിടെയാണ് ആഷിശ് നാന്ദി ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

Ads By Google

‘ഇത് സത്യമാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടത്തിയിട്ടുള്ളത് പിന്നാക്ക വിഭാഗക്കാരും പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാരുമാണ്. പിന്നാക്കക്കാരുടെ അഴിമതി നിലനില്‍ക്കുന്ന കാലത്തോളം ഇന്ത്യ അതിനെ അതിജീവിക്കും. ഉദാഹരണമായി, ഇന്ത്യയില്‍ ഏറ്റവും കുറച്ച് അഴിമതി നടത്തിയിട്ടുള്ള സംസ്ഥാനം പശ്ചിമ ബംഗാളാണ്. അവസാന നൂറ് വര്‍ഷത്തിനിടക്ക് പിന്നാക്ക വിഭാഗത്തില്‍ നിന്നോ എസ്.സി എസ്.ടി വിഭാഗത്തില്‍ നിന്നോ ഒരാള്‍ പോലും അധികാരത്തില്‍ വന്നിട്ടില്ല’- അദ്ദേഹം പറഞ്ഞു. സദസ്സ് കൂക്കി വിളികളോടെയാണ് ആഷിശ് നാന്ദിയുടെ അഭിപ്രായ പ്രകടനത്തെ സ്വീകരിച്ചത്.

ആഷിശ് നന്ദിയുടെ പ്രസ്താവന വന്നയുടനെ പാനലിലുണ്ടായ ടി.വി ജേര്‍ണലിസ്റ്റായ അസുതോഷ് നാന്ദിയുടെ പ്രസ്താവനയെ വെല്ലുവിളിച്ചു. ‘ഞാനിതു വരെ കേട്ടതില്‍ ഏറ്റവും വെറുപ്പുളവാക്കുന്ന പ്രസ്താവനയാണ് ഇവിടെ കേട്ടിരിക്കുന്നത്. ബ്രാഹ്മണന്മാരും ഉയര്‍ന്ന ജാതികളില്‍ പെട്ടവര്‍ക്കും ഈ അഴിമതിയില്‍ നിന്നും എങ്ങനെ മാറി നില്‍ക്കാനാകും. പിന്നാക്കക്കാരും മറ്റുള്ളവരും അഴിമതി നടത്തുമ്പോള്‍ മാത്രം അത് കുറ്റമാവുകയും ചെയ്യുന്നതെങ്ങനെ’- അദ്ദേഹം ചോദിച്ചു.

അഴിമതി നടത്തി പിടിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും പിന്നാക്ക വിഭാഗക്കാരും പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാരുമാണ്. സംഭവം വിവാദമായതോടെ അദ്ദേഹം തിരുത്തി. ഉയര്‍ന്ന ജാതിയില്‍ പെട്ടവര്‍ സാധാരണഗതിയില്‍ കേസിലകപ്പെട്ടാല്‍ രക്ഷപ്പെടാറാണ് പതിവ്. പിന്നാക്ക സമുദായങ്ങള്‍ക്ക് സ്വയം രക്ഷപ്പെടാന്‍ കഴിയാത്തത് കൊണ്ടാണിത്. എന്റെ പ്രസ്താവനയെ തെറ്റിദ്ധരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.