വാഷിങ്ടണ്‍: അറബ് ലോകത്ത് കഴിഞ്ഞ ഏതാനം മാസങ്ങളായി നടന്നുവരുന്ന കലാപങ്ങളോട് അമേരിക്കന്‍ പ്രസിഡന്റ് ഔദ്യോഗികമായി പ്രതികരിച്ചിരിക്കുന്നു. യു.എസ്.സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രസംഗിക്കുകയായിരുന്നു ഒബാമ. മധ്യേഷ്യയെ ‘മാറ്റിമറിക്കാനാ’യി ഒരു പുതിയ പദ്ധതിയുമാണ് ഒബാമ പ്രത്യക്ഷപ്പെട്ടിരിക്കുത്.

മധ്യേഷ്യയുമായി അമേരിക്ക സാമ്പത്തികപരമായും സുരക്ഷപരമായും ചരിത്രപരമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു. അതുകൊണ്ട് മധ്യേഷ്യയില്‍ നടന്നുവരുന്ന മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള ഒരു ‘ചരിത്രപരമായ അവസരമാണ്’ ഇതെന്നും അദ്ദേഹം പ്രസ്ഥാവിച്ചു. ‘ആ പ്രദേശങ്ങളിലെ ജനങ്ങള്‍ ജനാധിപത്യത്തിനും സമൃദ്ധിക്കുമായി തങ്ങളുടേതായ വഴികള്‍ കണ്ടെത്തുകയാണ്. ആ പ്രക്രിയ വര്‍ഷങ്ങള്‍ നീണ്ടുപോയെന്നുവരാം’ ഒബാമ പറഞ്ഞു.

എന്നാല്‍ മധ്യേഷ്യയിലേക്കുള്ള കടന്നുകയറ്റത്തിനുള്ള അമേരിക്കയുടെ മുന്നൊരുക്കമായി ഇതിനെ വിലയിരുത്താമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ടുണീഷ്യക്കും കെയ്‌റോവിനും ധാരാളം സഹായ പദ്ധതികള്‍ പുതുതായി ഒബാമ മുന്നോട്ട് വെച്ചിട്ടുണ്ട് . മുബാറക്കിനെയും ബെന്‍ അലിയേയും അട്ടിമറിച്ചതിനെയും ഗദ്ദാഫിക്കെതിരായ കലാപത്തെയും പുകഴ്തുകയും സിറിയയിലേയും ഇറാനിലേയും ഭരണകൂടങ്ങളെ വിമര്‍ശിക്കുകയും ചെയ്ത ഒബാമ ബെഹ്‌റെയ്ന്‍, യമെന്‍, സൗദി അറേബിയ, ജോര്‍ദാന്‍, അല്‍ജീരിയ എന്നിവിടങ്ങളെപറ്റി മൗനം പാലിച്ചിരിക്കുകയാണ്.

എതിനിടയില്‍ ഇസ്രായേലിനെ പറ്റിയും ഒബാമ പ്രസ്ഥാവന നടത്തുകയുണ്ടായി . 1967-ലെ അറബ്-ഇസ്രായേല്‍ യുദ്ധത്തിനുമുമ്പുള്ള അതിര്‍ത്തികള്‍ ഇനിയും പിന്തുടരണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഈ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇതു മാത്രമേ വഴിയുള്ളുവെന്നും ഒബാമ വ്യക്തമാക്കി.എന്നാല്‍ ഒബാമയുടെ നിര്‍ദ്ദേശം ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതാന്യാഹു തള്ളിക്കളഞ്ഞിരിക്കുകയാണ്.