വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രണ്ടാമതും വിജയിച്ച് അധികാരത്തിലെത്തിയ ബറാക് ഒബാമ വീണ്ടും വൈറ്റ് ഹൗസില്‍ മടങ്ങിയെത്തി. ഭാര്യ മിഷേലും മക്കളായ മലിയ, സാഷ എന്നിവര്‍ക്കുമൊപ്പമാണ് ഒബാമ വൈറ്റ് ഹൗസില്‍ എത്തിയത്.

Ads By Google

എങ്ങനെ തോന്നുന്നു  എന്ന ഒരു റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് മഞ്ഞുകാലമായതിനാല്‍ ചെറിയ കുളിരുണ്ടെന്നായിരുന്നു  ഒബാമയുടെ നര്‍മം തുളുമ്പിയ മറുപടി. ഷിക്കാഗോയില്‍ വിജയാഹ്ലാദ സമ്മേളനത്തില്‍ നിന്നാണ് അവര്‍ വൈറ്റ്ഹൗസിലേക്ക് മടങ്ങിയത്.

കക്ഷിരാഷ്ട്രീയം മറന്ന് അമേരിക്കന്‍ ജനതയുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ശക്തമാക്കാനുതകും വിധം പ്രവര്‍ത്തിക്കാനുള്ള നിയോഗമാണ് ജനവിധി നല്‍കുന്നതെന്നും പ്രസിഡന്റ് വിലയിരുത്തിയതായി വൈറ്റ്ഹൗസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ധനക്കമ്മി കുറയ്ക്കുക, മധ്യവര്‍ഗ കുടുംബങ്ങള്‍ക്കുളള നികുതിഭാരം ലഘൂകരിക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുക, ചെറുകിട ബിസിനസുകള്‍ക്ക് ഊര്‍ജം പകരുക തുടങ്ങിയ വിഷയങ്ങളിലാണ് പ്രസിഡന്റ് ജനപ്രതിനിധി സഭയിലെ അംഗങ്ങളുമായി ആശയവിനിമയം നടത്തിയതെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

വിജയമറിഞ്ഞ ശേഷം ഇന്നലെ മുതല്‍ ജനപ്രതിനിധിസഭാംഗങ്ങളുമായി ടെലിഫോണില്‍ സംസാരിക്കാനും വരും വര്‍ഷത്തെ നയപരിപാടികള്‍ സംബന്ധിച്ച വിലയിരുത്തലിനുമാണ് ഒബാമ ശ്രമിച്ചത്. തന്നില്‍ വിശ്വാസമുള്ള ജനതയാണ് വീണ്ടും തന്നെ അധികാരത്തിലേറ്റിയത്. ആ വിശ്വാസം നടപ്പാക്കേണ്ടതുണ്ടെന്ന് ഒബാമ ഇന്നലെ പ്രതികരിച്ചിരുന്നു.