ന്യൂദല്‍ഹി: യു.എന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വനേടാനായുള്ള ഇന്ത്യയുടെ ശ്രമങ്ങളെ അമേരിക്ക സ്വാഗതം ചെയ്യുന്നെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ. ഇന്ത്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഒബാമ.

ഇന്ത്യ വന്‍ ശക്തിയായി വളരുകയല്ല, ഇന്ത്യ വന്‍ ശക്തിയായി മാറിക്കഴിഞ്ഞു. ഇക്കാര്യത്തില്‍ അമേരിക്കയുടെ എല്ലാ പിന്തുണയും ഇന്ത്യക്കുണ്ടാകും. മുംബൈ ആക്രമണത്തിലെ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പാകിസ്ഥാന്‍ തയ്യാറാകണം. പാകിസ്ഥാനില്‍ തീവ്രവാദികള്‍ക്ക് സുരക്ഷിത കേന്ദ്രങ്ങളുണ്ട്.

തീവ്രവാദത്തിന്റെ ഭവിഷത്ത് അവര്‍ക്ക് തന്നെ ഭീഷണിയാകുമെന്ന് പാക്കിസ്താന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. താലിബാന്‍ ഭീകരര്‍ക്കെതിരായ നടപടി ശക്തമാക്കും. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയും അമേരിക്കയും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആണവസുരക്ഷയ്ക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കും. ആണവഭീകരതയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ആണവായുധങ്ങളില്ലാത്ത ലോകമാണ് തന്റെ ലക്ഷ്യം. ആണവ നിര്‍വ്യാപനം ഉറപ്പാക്കാന്‍ ഇന്ത്യയുടെ സഹകരണം ആവശ്യമാണെന്നും ഒബാമ പറഞ്ഞു.

ഇന്ത്യ വന്‍ ശക്തിയായി വളരുന്നതിനെ അമേരിക്ക പൂര്‍ണമായും പിന്തുണയ്ക്കും. കാര്‍ഷിക ഗവേഷണം കാലാവസ്ഥാ പഠനം തുടങ്ങിയ മേഖലകളില്‍ സംയുക്ത സഹകരണമുണ്ടാകും. ഇന്ത്യയുടേയും അമേരിക്കയുടേയും ലക്ഷ്യങ്ങള്‍ക്ക് സമാനതയുണ്ടെന്നും പറഞ്ഞു.

ഇന്ത്യന്‍ വിജയത്തിന്റെ അടിസ്ഥാനം ജനാധപത്യമാണ്. തന്റെ പ്രസിഡന്‍ഷ്യല്‍ കാലാവസ്ഥയുടെ തുടക്കത്തില്‍ തന്നെ ഇന്ത്യസന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
രവീന്ദ്രനാഥ ടാഗോറിനെ കുറിച്ചും സ്വാമി വിവേകാനന്ദനെ കുറിച്ചും ഒബാമ തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. അവസാനം ജയ്ഹിന്ദ് എന്ന പ്രഖ്യാപനത്തോടെയാണ് ഒബാമ പ്രസംഗം അവസാനിപ്പിച്ചത്.