വാഷിംഗ്ടണ്‍: ലിബിയയില്‍ പ്രക്ഷോഭകര്‍ക്കെതിരേ സൈന്യം തുടരുന്ന ആക്രമണം ഉടന്‍ നിര്‍ത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. നഗരങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ മുഅമ്മര്‍ ഗദ്ദാഫി തയാറാകണം. പ്രക്ഷോഭകര്‍ക്കെതിരേ സൈനിക നടപടി തുടര്‍ന്നാല്‍ സംഖ്യകക്ഷികള്‍ ആക്രമണം നടത്തുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭരണ വിരുദ്ധ വികാരം ശക്തമായ സാഹചര്യത്തില്‍ പിന്‍വാങ്ങുകയല്ലാതെ ഗദ്ദാഫിക്ക് വേറെ വഴിയില്ലെന്നും ഒബാമ പറഞ്ഞു.

ഇതിനിടെ രാജ്യത്തിന്റെ പടിഞ്ഞാറന്‍ നഗരമായ മിസ്ട്രാടയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് സൈന്യം പ്രക്ഷോഭകര്‍ക്ക് നേരെ ആക്രമണം നടത്തി.ഇന്നലെയാണ് രാജ്യാന്തര സമ്മര്‍ദ്ദത്തിനു വഴങ്ങി ഗദ്ദാഫി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.

വിമതരുമായി ചര്‍ച്ചയ്ക്കു തയാറാണെന്നും രാജ്യത്തു വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെന്നും വിദേശകാര്യമന്ത്രി മൗസാ കുസ ഇന്നലെ വൈകുന്നേരം വ്യക്തമാക്കി. തലസ്ഥാനമായ ട്രിപ്പോളിയില്‍ വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തിലാണു സര്‍ക്കാര്‍ തീരുമാനം അദ്ദേഹം അറിയിച്ചത്. ലിബിയയെ വ്യോമനിരോധിത മേഖലയായി യുഎന്‍ രക്ഷാസമിതിയില്‍ പ്രമേയം പാസാക്കിയിരുന്നു.

ഗദ്ദാഫി സര്‍ക്കാര്‍ പ്രക്ഷോഭകാരികളെ വേട്ടയാടുന്ന പശ്ചാത്തലത്തില്‍ വിമതര്‍ക്കായി പോരാടാന്‍ ബ്രിട്ടനും ഫ്രാന്‍സും തയ്യാറെടുത്തിരുന്നു. ഇവര്‍ക്ക് അമേരിക്കയുടെ പിന്തുണയുമുണ്ടായിരുന്നു. അതേസമയം ലിബിയക്ക് മുകളിലൂടെയുള്ള വ്യോമ ഗതാഗതത്തിന് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യയടക്കം അഞ്ചു രാജ്യങ്ങള്‍ വിട്ടുനിന്നു.