obama visits londonലണ്ടന്‍: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി യു.എസ് പ്രസിഡന്റ് ബറാക് ഒബാമ ബ്രിട്ടനിലെത്തി. ഇന്ന് രാവിലെ ഭാര്യ മിഷേലിനൊപ്പം എസ്സക്‌സിലെ സ്റ്റാന്‍സ്റ്റഡിലെത്തിയ ഒബാമയ്ക്ക് വന്‍വരവേല്‍പ്പാണ് ലഭിച്ചത്. തിങ്കളാഴ്ച ബ്രിട്ടനിലെത്തുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാല്‍ അഗ്നിപര്‍വ്വത സ്‌ഫോടനം വ്യോമഗതാഗതത്തിനു തടസമാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു.

ബ്രിട്ടന്റെയും യു.എസിന്റെയും പങ്കാളിത്തം നമുക്കും ലോകത്തിനും അത്യാവശ്യമാണെന്ന് പ്രസിഡന്റിനെ സ്വീകരിച്ചുകൊണ്ട് ബ്രിട്ടീഷ് നേതാക്കള്‍ പറഞ്ഞു. ഒരാഴ്ചത്തെ യൂറോപ്പ് സന്ദര്‍ശത്തിന്റെ ഭാഗമായാണ് ഒബാമ ഇംഗ്ലണ്ടിലെത്തിയത്.

ബ്രിട്ടനിലെത്തിയ ഒബാമയും മിഷേലും ഇന്ന് ബക്കിംങ്ഹാം കൊട്ടാരത്തിലെത്തി രാജ്ഞിയെ കാണും. ബുധനാഴ്ച നടക്കുന്ന ഒബാമ-കാമറൂണ്‍ കൂടിക്കാഴ്ചയില്‍ ലിബിയയിലെയും മധ്യേഷ്യയിലെയും രാഷ്ട്രീയ പ്രതിസന്ധികളെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.