വാഷിംഗ്ടണ്‍: ലാഹോറില്‍ രണ്ടു പാക് യുവാക്കളെ വെടിവച്ചു കൊന്ന കേസില്‍ അറസ്റ്റിലായ യു.എസ് നയതന്ത്രജ്ഞന്‍ റെയ്മണ്ട് ഡേവിസിനെ എത്രയും വേഗം മോചിപ്പിക്കണമെന്ന് പ്രസിഡന്റ് ബറാക് ഒബാമ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. പാക്കിസ്ഥാനടക്കമുള്ള സ്വതന്ത്ര രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുള്ള 1961ലെ നയതന്ത്രബന്ധം സംബന്ധിച്ച വിയന്ന ഉടമ്പടി അനുസരിച്ച് ഡേവിസിനെ വിട്ടയക്കണമെന്നാണ് ഒബാമ ആവശ്യപ്പെട്ടത്.

ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും ബാധകമായ വിയന്ന ഉടമ്പടിയെന്ന തത്വം മാത്രമാണ് യു.എസ് മുന്നോട്ടുവയ്ക്കുന്നത്. ഉടമ്പടി പാലിക്കാന്‍ പാക്കിസ്ഥാന്‍ തയാറാവണമെന്ന് ഒബാമ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വിയന്ന ഉടമ്പടി പ്രകാരം അമേരിക്കയുടെ നയതന്ത്രജ്ഞന്‍ മറ്റൊരു രാജ്യത്തുണ്ടെങ്കില്‍ അവരെ സംബന്ധിച്ച വിഷയം രാജ്യത്തിന്റെ കോടതി വ്യവഹാരത്തില്‍ പെടില്ല. അതിനാല്‍ യു.എസ് നയതന്ത്ര പ്രതിനിധിയെ പാക്കിസ്ഥാന്‍ ഉടനെ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പാക് സര്‍ക്കാരുമായി നടത്തിയ ഔദ്യോഗിക ചര്‍ച്ചകള്‍ സംബന്ധിച് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. അതേസമയം, ഡേവിസിനെ ലാഹോറിലെ അതീവ സുരക്ഷയുള്ള കോട് ലാക്പത് ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന് സായുധസേനാംഗങ്ങള്‍ കാവല്‍ നില്‍ക്കുന്നുണ്ട്. പാക് സര്‍ക്കാരുമായി സെനറ്റര്‍ ജോണ്‍ കെറി ഇസ്ലാമാബാദിലെത്തി ചര്‍ച്ചകള്‍ തുടരുമെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.