എഡിറ്റര്‍
എഡിറ്റര്‍
ഇറാനെതിരെ പുതിയ ഉപരോധം ചുമത്തിയാല്‍ വീറ്റോ ചെയ്യും: ഒബാമ
എഡിറ്റര്‍
Thursday 30th January 2014 9:07am

barak-obama

വാഷിങ്ടണ്‍: ഇറാനുമേല്‍ കോണ്‍ഗ്രസ് പുതിയ ഉപരോധം ഏര്‍പ്പെടുത്താന്‍ ശ്രമിച്ചാല്‍ വീറ്റോ ചെയ്യുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ. ആണവ വിഷയത്തില്‍ ഇറാനുമായി തുടരുന്ന ചര്‍ച്ച പരാജയപ്പെടുത്താന്‍ മാത്രമേ ഇത് ഉപകരിക്കുവെന്നും ഒബാമ പറഞ്ഞു.

യു.എസ് ജനപ്രതിനിധി സഭയുടെയും സെനറ്റിന്റെയും സംയുക്ത സമ്മേളനമായ സ്റ്റേറ്റ് ഓഫ് യൂണിയനില്‍ നടന്ന വാര്‍ഷിക പ്രഭാഷണത്തിലാണ് ഒബാമ നയം വ്യക്തമാക്കിയത്.

ആണവ പരിപാടിയുമായി ബന്ധപ്പെട്ട് അമേരിക്ക ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങളുമായുള്ള ചര്‍ച്ച വിജയിക്കുകയാണെങ്കില്‍ അന്താരാഷ്ട്ര രാജ്യങ്ങളുടെ കൂട്ടായ്മയിലേക്ക് തിരിച്ച് വരാന്‍ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അമേരിക്കയുടെയും ലോകത്തിന്റെയും സുരക്ഷയ്ക്ക് ഇതാണ് നല്ലതെന്നും ഒബാമ പറഞ്ഞു.

ഗ്വാണ്ടാനമോ തടവറ അടച്ച് പൂട്ടുമെന്നും അഫ്ഗാനിസ്ഥാനിലെ യു.എസ് സൈനികരുടെ സാന്നിധ്യം കുറയ്ക്കുമെന്നും ഒബാമ പറഞ്ഞു. യു.എസ് ചരിത്രത്തിലെ ഏറ്റവും നീണ്ട യുദ്ധത്തിന് അന്ത്യമാവുമെങ്കിലും വളരെ കുറഞ്ഞ സൈനികരെ അവിടെ നിലനിര്‍ത്തും.

2001 സെപ്തംബര്‍ 11 ലെ ആക്രമണത്തിന് ശേഷം ഭീകരരെന്ന് സംശയിച്ച് പിടിച്ച് വച്ച 600ഓളം പേരെയാണ് വിചാരണ കൂടാതെ ഇപ്പോള്‍ തടവില്‍ താമസിപ്പിച്ചിരിക്കുന്നത്.

അതിനിടെ ഒബാമയുടെ പ്രസംഗത്തിനെതിരെ കടുത്ത വിമര്‍ശനവുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി രംഗത്തെത്തി.

ഇറാനെതിരെ കൂടുതല്‍ ഉപരോധം ചുമത്തുന്നതിന് അമേരിക്കന്‍ ജനത അനുകൂലമാണെന്നും ഡെമോക്രാറ്റുകള്‍ പോലും ഇതിനെ പിന്തുണയ്ക്കുമെന്നും റിപ്പബ്ലിക്കന്‍ സെനറ്റര്‍ മാര്‍ക്ക് കിര്‍ക്ക് പറഞ്ഞു.

Advertisement