കാബൂള്‍ :അല്‍-ഖയിദാ തലവന്‍ ഉസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തില്‍ അഫ്ഗാനിസ്താനില്‍ യു.എസ് പ്രസിഡണ്ട് ബറാക് ഒബാമയുടെ അപ്രതീക്ഷിത സന്ദര്‍ശനം. അഫ്ഗാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. അഫ്ഗാനിലെ മിലിറ്ററി ബേസില്‍ നിന്ന് യു.എസ് പൊതുസമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് അഫ്ഗാനിലെ ജോലി മതിയാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞത്.

അതിനിടെ, ഒബാമ അഫ്ഗാനിലെത്തി നിമിഷങ്ങള്‍ക്കുള്ളില്‍ കാബൂളിലുണ്ടായ സ്‌ഫോടന പരമ്പര ജനങ്ങളെ ഭീതിയിലാഴ്ത്തി. സ്‌ഫോടനത്തില്‍ ഒരു ഖൂര്‍ഖയുയള്‍പ്പെടെ ആറ് പേര്‍ മരിച്ചു. അഫ്ഗാനിസ്ഥാനിലെ വിദേശകാര്യമന്ത്രാലയത്തിന് അടുത്താണ് സ്‌ഫോടനം നടന്നത്.

മൂന്ന് സ്‌ഫോടനങ്ങളും ഇതിന് പിന്നാലെ ഇടയ്ക്കിടെ വെടിവെപ്പുമാണുണ്ടായതെന്ന് ഒരു അഫ്ഗാന്‍ പോലീസ് ഓഫീസര്‍ പറഞ്ഞു. ഏപ്രില്‍ 15നുശേഷം കാബൂളില്‍ നടക്കുന്ന ഏറ്റവും വലിയ സ്‌ഫോടനപരമ്പരയാണിത്. ഗ്രീന്‍വില്ലേജ് കോംപ്ലെക്‌സ് ലക്ഷ്യം വച്ചാണ് സ്‌ഫോടനം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സിനെ ഫോണില്‍ താലിബാന്‍ വക്താവ് അറിയിച്ചതാണിക്കാര്യം.

അഫ്ഗാനിസ്ഥാനിലെത്തിയ ഒബാമ വര്‍ഷങ്ങളായി അഫ്ഗാനില്‍ പണിയെടുക്കുന്ന തന്റെ സൈന്യത്തിന്  നന്ദി പറഞ്ഞു. നാറ്റോ ഉച്ചകോടിക്ക് മുമ്പായി പ്രസിഡണ്ട് ഹാമിദ് കര്‍സായിയുമായി സംസാരിക്കാനും യു.എസ് അഫ്ഗാന്‍ ഭാവി കരാറില്‍ ഒപ്പുവെക്കാനുമായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം.

2014 ല്‍ അഫ്ഗാന്‍ ദൗത്യം പൂറത്തിയാക്കി അമേരിക്കയിലേക്ക് മടങ്ങുമെന്ന് നേരത്തെ തന്നെ നാറ്റോ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തിനാണ് ഒബാമ ഇന്ന് അടിവരയിട്ടത്.

‘അമേരിക്കന്‍ ജനതയെ ഒരു ദിവസം പോലും അധികം ഞാന്‍ വേദനിപ്പിക്കുകയില്ല. എന്നാല്‍ ഇത് നമ്മുടെ രാഷ്ട്രത്തിന്റെ സുരക്ഷക്ക് അത്യാവശ്യമാണ്. അഫ്ഗാനില്‍ തുടങ്ങി വെച്ച ദൗത്യം നാം പൂര്‍ത്തിയാക്കുക തന്നെ ചെയ്യും. ഉത്തരവാദിത്തത്തോടു കൂടി ഈ യുദ്ധം അവസാനിപ്പിക്കും’. ബറാക് ഒബാമ യു.എസിലെ ജനങ്ങളോടായി പറഞ്ഞു.

Malayalam News

Kerala News in English