വാഷിംഗ്ടണ്‍: ഏതെങ്കിലും തീവ്രവാദി പാക്കിസ്ഥാനില്‍ കഴിയുന്നുണ്ടെന്ന് വിവരം ലഭിച്ചാല്‍ ലാദനെ വധിച്ചതുപോലുള്ള ആക്രമണങ്ങള്‍ ഇനിയും നടത്തുമെന്ന് ബരാക് ഒബാമ. ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഒബാമ ഇക്കാര്യം വ്യക്തമാക്കിയത്.

പാക്കിസ്ഥാന്റെ പരമാധികരത്തെക്കുറിച്ച് അമേരിക്കയ്ക്ക് വ്യക്തമായ ധാരണയുണ്ട്. എന്നാല്‍ ആ രാജ്യത്തിന്റെ മണ്ണ് ഉപയോഗിക്കാന്‍ തീവ്രവാദികളെ അനുവദിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. താലിബാന്‍ നേതാവ് മുല്ല ഉമര്‍ പാക്കിസ്ഥാനില്‍ ഒളിച്ചുകഴിയുകയാണെന്ന വാര്‍ത്തയെക്കുറിച്ച് സൂചിപ്പിച്ചപ്പോഴാണ് ഇനിയുമൊരു ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഒബാമ വ്യക്തമാക്കിയത്.

നേരത്തേ അബോട്ടാബാദിലെ ഒളിസങ്കേതത്തിലെത്തി ലാദനെ വകവരുത്തിയത് പാക്കിസ്ഥാനും അമേരിക്കയും തമ്മിലുള്ള ബന്ധം ചെറിയ തോതില്‍ വഷളാക്കിയിരുന്നു.