സ്‌റ്റോക്ക്‌ഹോം: 2009ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം യു.എസ്. പ്രസിഡന്റ് ബരാക്ക് ഒബാമക്ക്. അന്താരാഷ്ട്ര നയതന്ത്ര ബന്ധവും ജനങ്ങള്‍ തമ്മിലുള്ള സഹകരണവും മെച്ചപ്പെടുത്തുന്നതിനു നടത്തിയ ശ്രമങ്ങള്‍ പരിഗണിച്ചാണ് ഒബാമയെ നോബല്‍ സമ്മാനത്തിന് തിരഞ്ഞെടുത്തതെന്ന് നോബല്‍ പുരസ്‌കാര കമ്മിറ്റി വ്യക്തമാക്കി. ഒബാമയെപോലുള്ള വ്യക്തി ലോക ശ്രദ്ധ പിടിച്ചു പറ്റുന്നതും ജനങ്ങള്‍ക്ക് ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ നല്‍കുന്നതും അപൂര്‍വമാണെന്നും പുരസ്‌കാര കമ്മിറ്റി വിലയിരുത്തി.

ആണവ നിര്‍വ്യാപനത്തിനുവേണ്ടിയും രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും വേണ്ടി നടത്തിയ ശ്രമങ്ങളാണ് യു.എസ്. പ്രസിഡന്റായി ചുമയലയേറ്റ് ഒരു വര്‍ഷം തികയും മുന്‍പ് ഒബാമക്ക് സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം നേടിക്കൊടുത്തത്. അമേരിക്കയുടെ ആദ്യത്തെ ആഫ്രിക്കന്‍ – അമേരിക്കന്‍ പ്രസിഡന്റാണ് ഒബാമ. സമാധാനത്തിനുള്ള നോബല്‍ നേടുന്ന നാലാമത്തെ യു.എസ്. പ്രസിഡന്റാണ് അദ്ദേഹം. ജിമ്മി കാര്‍ട്ടര്‍ (2002), വുഡ്രോ വില്‍സണ്‍ (1919), തിയോഡോര്‍ റൂസ്‌വേള്‍ട്ട് (1906) എന്നിവരാണ് നോബല്‍ സമ്മാനം നടിയ മറ്റു യു.എസ്. പ്രസിഡന്റുമാര്‍.

അണുവായുധ ശേഖരം കുറക്കാനും ലോക സമാധാനത്തിനായി പ്രവര്‍ത്തിക്കാനും കഴിഞ്ഞ യു.എന്‍ അസംബ്ലിയില്‍ ഒബാമ ആഹ്വാനം ചെയ്തിരുന്നു. പശ്ചിമേഷ്യന്‍ സമാധാന ശ്രമങ്ങള്‍ക്കും ക്രിയാത്മകമായ പല മുന്നേറ്റങ്ങള്‍ നടത്താനും ഒബാമക്കായിരുന്നു. സിംബാബ്‌വെ പ്രസിഡന്റ് മോര്‍ഗന്‍ സാവന്‍ഗിരി, ചൈനീസ് വിമതന്‍ ഹൂജിയ, കൊളംബിയയിലെ സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കൊര്‍ഡോബ, കൊളംബിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയും അഞ്ച് വര്‍ഷം ബന്ധിയായി കഴിയുകയും ചെയ്ത ഇന്‍ഗ്രിഡ് ബെറ്റന്‍കോര്‍ട്ട് തുടങ്ങി 105 ഓളം വ്യക്തികളും സംഘടനകളും അവാര്‍ഡ് കമ്മിറ്റിയുടെ പരിഗണയിലുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഫിന്‍ലാന്‍ഡ് പ്രസിഡന്റ് മാര്‍ട്ടി അട്ടിസാരിക്കായിരുന്നു നോബല്‍ സമ്മാനം ലഭിച്ചത്.