വാഷിംഗ്ടണ്‍: അമേരിക്കയുടെ നേതൃത്വത്തില്‍ ലിബിയയില്‍ പാശ്ചാത്യസേന നടത്തുന്ന വ്യോമാക്രമണങ്ങളെ പ്രസിഡന്റ് ബരാക് ഒബാമ ന്യായീകരിച്ചു. ലോകമനസാക്ഷിയെ ഞെട്ടിച്ച് ലിബിയയില്‍ നടക്കുന്ന കൂട്ടക്കുരുതിയെ തടയാനാണ് സഖ്യസേന ആക്രമണത്തിന് മുതിര്‍ന്നതെന്നും ഒബാമ വ്യക്തമാക്കി.

ബുധനാഴ്ച്ചയാകുമ്പോഴേക്കും ലിബിയയിലെ ആക്രമണങ്ങളുടെ ചുമതല പൂര്‍ണമായും നാറ്റോയുടെ കൈകളിലെത്തുമെന്നും ഒബാമ പറഞ്ഞു. ലിബിയയില്‍ നടക്കുന്ന ജനാധിപത്യ പ്രകടനങ്ങളെ അടിച്ചമര്‍ത്തുന്ന ഗദ്ദാഫിയുടെ സൈന്യത്തെ ഒരുപരിധി വരെ തടയാന്‍ നാറ്റോ സേനയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

ഉത്തരവാദിത്തപ്പെട്ട പ്രസിഡന്റ് എന്ന നിലയ്ക്ക് ലിബിയയില്‍ നടക്കുന്ന അതിക്രമങ്ങളെ കണ്ടുകൊണ്ടിരിക്കാനാവില്ലെന്നും അമേരിക്കയുടെ ഇടപെടല്‍ അധികം നീണ്ടുപോകില്ലെന്നും ഒബാമ വ്യക്തമാക്കി. ലിബിയയിലെ പൗരന്‍മാര്‍ക്ക് ഗദ്ദാഫി സ്വാതന്ത്ര്യം നിഷേധിക്കുകയാണെന്നും ഉടനേ അധികാരമൊഴിയാന്‍ അദ്ദേഹം തയ്യാറാകണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു.