വാഷിംഗ്ടണ്‍: അധികാരമൊഴിയില്ലെന്ന് പ്രഖ്യാപിച്ച ഈജിപ്ത് പ്രസിഡന്റ് ഹോസ്‌നി മുബാറക്കിന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ വിമര്‍ശനം. സെപ്റ്റംബര്‍ വരെ രാജിവയ്ക്കില്ലെന്നറിയിച്ചുള്ള മുബാറക്കിന്റെ ടെലിവിഷന്‍ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഒബാമ.

ഈജിപ്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി മുബാറക്കും സര്‍ക്കാരും സ്വീകരിക്കുന്ന നടപടികളില്‍ ഒബാമ വിയോജിപ്പ് രേഖപ്പെടുത്തി. ജനകീയ പ്രക്ഷോഭം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് യാതൊരു വ്യക്തതയും ജനങ്ങള്‍ക്ക് നല്‍കാന്‍ ഈജിപ്ത് സര്‍ക്കാര്‍ തയാറാകുന്നില്ല. ജനാധിപത്യത്തിലേക്കുള്ള മാറ്റത്തെ സര്‍ക്കാര്‍ ഗൗരവമായാണോ സമീപിക്കുന്നതെന്ന് ജനങ്ങള്‍ക്ക് ഇതുവരെ മനസിലായിട്ടില്ല. ജനങ്ങളുടെ അവകാശത്തെ സര്‍ക്കാര്‍ മാനിക്കേണ്ടതുണ്ടെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.