വാഷിംഗ്ടണ്‍: ജനാധിപത്യ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന ലിബിയന്‍ പ്രസിഡന്റ് കേണല്‍ ഗദ്ദാഫിയുടെ നടപടിയെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വിമര്‍ശിച്ചു. ജനാഭിലാഷം മാനിച്ച് സ്ഥാനമൊഴിയാന്‍ ഗദ്ദാഫി തയ്യാറാകണമെന്നും ഒബാമ ആവശ്യപ്പെട്ടു.

ലിബിയയില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയുണ്ട്. ലിബിയയില്‍ ഭരണമാറ്റത്തിന് സമയമായിട്ടുണ്ട്. പ്രക്ഷോഭം നടത്തുന്നവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ അമേരിക്ക ബാധ്യസ്ഥരാണെന്നും ഒബാമ വ്യക്തമാക്കി.

അതിനിടെ ഗദ്ദാഫിയുടെ മകന്‍ ഖമിസ് ഖദ്ദാഫി സഖ്യസേനയുടെ ആക്രമണത്തിനിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്ന വാര്‍ത്തയും പരന്നിട്ടുണ്ട്. എന്നാല്‍ വാര്‍ത്തയ്ക്ക് അധികാരികള്‍ ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല.