എഡിറ്റര്‍
എഡിറ്റര്‍
ഒ.കെ. വാസു ഉള്‍പ്പെടെയുള്ള വിമത ബി.ജെ.പി നേതാക്കളെ സി.പി.ഐ.എം സ്വീകരിക്കും
എഡിറ്റര്‍
Friday 24th January 2014 12:42pm

bjp

കണ്ണൂര്‍:  ബി.ജെ.പി ജില്ലാ പ്രസിഡന്റും നമോവിചാര്‍ മഞ്ച് നേതാക്കളുമായിരുന്ന ഒ.കെ. വാസു, എ. അശോകന്‍ എന്നിവരെ പാര്‍ട്ടിയുമായി സഹകരിപ്പിക്കാന്‍ സി.പി.ഐ.എം തീരുമാനിച്ചു.

ഇവര്‍ക്ക് 28നു പാനൂരില്‍ സ്വീകരണം നല്‍കുമെന്ന് ജില്ലാ സെക്രട്ടറി പി. ജയരാജന്‍ അറിയിച്ചു. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഇവര്‍ക്ക് കാന്‍ഡിഡേറ്റ് അംഗത്വം കൊടുക്കുന്ന കാര്യം 28നു ശേഷം തീരുമാനിക്കും. ഇത് ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനമാണെന്നും സംഘടനാപരമായ ചട്ടം പാലിക്കേണ്ട ഘട്ടത്തില്‍ പാലിക്കുമെന്നും ജയരാജന്‍ പറഞ്ഞു.

ബി.ജെ.പി ജില്ലാ പ്രസിഡന്റിനെതിരെ സ്വഭാവദൂഷ്യം ആരോപിച്ച് മൂന്നു മാസം മുന്‍പ് നരേന്ദ്രമോദി വിചാര്‍ മഞ്ച് എന്ന സംഘടനയുണ്ടാക്കിയവരാണ് ഒ.കെ. വാസുവും കൂട്ടരും.

വാസു നമോവിചാര്‍ മഞ്ച് ജില്ലാ പ്രസിഡന്റായും അശോകന്‍ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. പാര്‍ട്ടിയിലേക്ക് വരുകയാണെന്ന് സി.പി.ഐ.എം ജില്ലാ നേതൃത്വത്തെ ഇവര്‍ നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, ഒ.കെ. വാസു വിചാര്‍മഞ്ച് വിട്ട് സി.പി.ഐ.എമ്മില്‍ പോയാലും വിചാര്‍ മഞ്ച് ബി.ജെ.പിയിലെ തിരുത്തല്‍ ശക്തിയായി തുടരുമെന്നു ജില്ലാ ജനറല്‍ സെക്രട്ടറി എം.കെ. ശശീന്ദ്രന്‍ വ്യക്തമാക്കി.

കണ്ണൂരില്‍ നമോവിചാര്‍ മഞ്ചുമായി സി.പി.ഐ.എം ചര്‍ച്ച നടത്തിയത് പാര്‍ട്ടി അറിവോടെയല്ലെന്ന് കഴിഞ്ഞദിവസം വി.എസ് പി.ബിക്ക് കത്തയച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് ഒ.കെ വാസുവിനേയും കൂട്ടരേയും സി.പി.ഐ.എമ്മില്‍ എടുക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനം വരുന്നത്.

Advertisement