നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ നാമനിര്‍ദേശപത്രിക നല്‍കി. മുന്നണി സംവിധാനത്തില്‍ മനം മടുത്ത് ജനം പരീക്ഷണത്തിന് തയ്യാറാകുമെന്ന് രാജഗോപാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഉപവരണാധികാരിയായ പെരിങ്കടവിള ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ സനൂപിന് മുന്‍പാകെയാണ് അദ്ദേഹം പത്രിക നല്‍കിയത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് രാജഗോപാല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തിയത്.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, എ.എന്‍. രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഹരി ഡമ്മി സ്ഥാനാര്‍ഥിയായും പത്രിക നല്‍കിയിട്ടുണ്ട്.  നെയ്യാറ്റിന്‍കരയില്‍ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്. 11 നാമനിര്‍ദേശപത്രികകളാണ് ഇതുവരെ സമര്‍പ്പിക്കപ്പെട്ടത്.

തനിക്ക് 11,89,945 രൂപയുടെ ബാങ്ക് നിക്ഷേപമുള്ളതായി പത്രികയില്‍ രാജഗോപാല്‍ വ്യക്തമാക്കി. മൂന്ന് സെറ്റ് നാമനിര്‍ദേശപത്രികകളാണ് സമര്‍പ്പിച്ചത്.