തിരുവനന്തപുരം: കേരളത്തിലെ ക്രമക്രമസമാധാന തകര്‍ച്ച, രാഷ്ട്രീയ കൊലപാതകം എന്നീ വിഷയങ്ങളില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യുന്നതിനിടെ ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാലിന് സംസാരിക്കാന്‍ അനുവദിച്ചതിനെ ചൊല്ലി സഭയില്‍ ബഹളം.

ഇത്തരമൊരു നടപടി കീഴ് വഴക്കങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങുകയായിരുന്നു. ബഹളത്തിനൊടുവില്‍ രാജഗോപാലിന് പിന്നീട് അവസരം നല്‍കാന്‍ തീരുമാനമാവുകയായിരുന്നു.


Dont Miss വിദ്യാര്‍ത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്ത് ചിത്രങ്ങള്‍ പകര്‍ത്തിയ അധ്യാപകന്‍ അറസ്റ്റില്‍; ചിത്രങ്ങള്‍ പുറത്ത് വിട്ടത് കുട്ടിയുടെ വിവാഹം മുടക്കാനെന്ന് മൊഴി


അടിയന്തര പ്രമേയം അവതരിപ്പിച്ച് കെ. മുരളീധരന്‍ സംസാരിച്ച് കഴിഞ്ഞ ശേഷമാണ് രാജഗോപാലിനെ പ്രസംഗിക്കാനായി സ്പീക്കര്‍ ക്ഷണിച്ചത്. ഇത് തീര്‍ത്തും തെറ്റായ നടപടിയാണെന്നും ഒരുതരത്തിലും അനുവദിക്കുന്ന പ്രശ്നമില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി.

എന്നാല്‍ ശ്രദ്ധക്ഷണിക്കലിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നതിനാലാണ് രാജഗോപാലിന് അനുമതി നല്‍കിയതെന്നായിരുന്നു വിശദീകരണം.

ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ വിഷയം സഭയില്‍ പ്രതിപക്ഷം ശക്തമായി ഉന്നയിച്ചു. മെഡിക്കല്‍ കോഴയില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനായി ബി.ജെ.പി ആക്രമണങ്ങള്‍ നടത്തുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ നിലപാടുകള്‍ ശരിവെച്ച് മുഖ്യമന്ത്രിയും രംഗത്തെത്തി.

ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ ചോദ്യോത്തര വേളയിലാണ് പ്രതിപക്ഷം ഉന്നയിച്ചത്. തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ നിലപാടുകളെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തുകയായിരുന്നു.

മെഡിക്കല്‍ കോളേജ് അഴിമതിയില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ അക്രമമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉള്ളതായി പിണറായി വിജയന്‍ സഭയില്‍ വ്യക്തമാക്കി.

ബി.ജെ.പിക്കെതിരായ പരാതിയില്‍ സി.ബി.ഐ അന്വേഷണത്തിന് തയ്യാറുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചോദിച്ചു. തല്‍ക്കാലം വിജിലന്‍സ് അന്വേഷണം നടക്കട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ബിജെപി പ്രവര്‍ത്തകര്‍ വലിയ തോതില്‍ അഴിമതി നടത്തുന്നു. അതില്‍ നിന്നും ശ്രദ്ധതിരിക്കാനും ബിജെപി ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.