എഡിറ്റര്‍
എഡിറ്റര്‍
‘രാജഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കിയത് എന്‍.എസ്.എസിന്റെ നിര്‍ദേശ പ്രകാരം’
എഡിറ്റര്‍
Monday 25th June 2012 2:40pm

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍  ഒ. രാജഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കിയത് എന്‍.എസ്.എസ് നിര്‍ദ്ദേശപ്രകാരമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍.  ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുകുമാരന്‍ നായരുമായും എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും നേരില്‍ ചര്‍ച്ച നടത്തിയ ശേഷമാണ് രാജഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നിര്‍ദ്ദേശിച്ചത്. ഈ രണ്ടു സംഘടനകളുമായും ബി.ജെ.പിക്ക് നേരിട്ടും അല്ലാതെയും ബന്ധമുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.

നെയ്യാറ്റിന്‍കരയില്‍ ഒ. രാജഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കിയത് എന്‍.എസ്.എസിന്റെ നിര്‍ദേശ പ്രകാരമായിരുന്നെന്ന് മുസ്‌ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞിരുന്നു. മജീദിന്റെ പ്രസ്താവനയ്‌ക്കെതിരെ  കെ. മുരളീധരന്‍ എം.എല്‍.എ  കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. മജീദിന്റെ പ്രസ്താവന മുന്നണിക്ക് നല്ലതല്ലെന്നും മജീദ് പഠിക്കാതെ കാര്യങ്ങള്‍ പറയരുതെന്നുമായിരുന്നു മുരളീധരന്റെ വിമര്‍ശനം.

എന്നാല്‍ മജീദിന്റെ വാക്കുകള്‍ ശരിവെയ്ക്കുന്ന തരത്തിലായിരുന്നു വി. മുരളീധരന്റെ വെളിപ്പെടുത്തല്‍.

മുരളീധരന്റെ പ്രസ്താവനയെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് കെ.പി.എ മജീദ് പറഞ്ഞു. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുമായി മുരളീധരന്‍ ചര്‍ച്ച നടത്തിയെന്നത് ശരിയാണെന്നും മജീദ് വ്യക്തമാക്കി. മുരളീധരന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Advertisement