തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടന വേദിയിലും തുടര്‍ന്ന് മെട്രോ ട്രെയിനില്‍ നടത്തിയ യാത്രയിലും ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍ വലിഞ്ഞുകയറിയതല്ലെന്ന് ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍.

ക്ഷണമുണ്ടായിട്ട് തന്നെയാണ് അദ്ദേഹം പോയതെന്നും തന്നേയും ക്ഷണിച്ചിരുന്നെങ്കിലും വിവാദമുണ്ടാക്കേണ്ടെന്ന് കരുതി താന്‍ പിന്‍മാറുകയായിരുന്നെന്നും ഒ. രാജഗോപാല്‍ പറഞ്ഞു. കുമ്മനത്തിന്റെ യാത്ര വിവാദമായതിന് പിന്നാലെയാണ് രാജഗോപാലിന്റെ വിശദീകരണം.

രാജ്യം ഭരിക്കുന്ന രാഷ്ട്രീയകക്ഷിയുടെ സംസ്ഥാന പ്രസിഡന്റ് പ്രധാനമന്ത്രിക്കൊപ്പം കൊച്ചി മെട്രോയുടെ ഉദ്ഘാടന യാത്രയില്‍ പങ്കെടുത്തതില്‍ എന്താണ് തെറ്റ് എന്നായിരുന്നു വിഷയത്തില്‍ കുമ്മനത്തിന്റെ പ്രതികരണം.


Dont Miss ”അഡ്‌വാണിജി അങ്ങനെ കോവിന്ദയായി” ; അദ്വാനിയെ തഴഞ്ഞ ബി.ജെ.പി നേതൃത്വത്തെ പരിഹസിച്ച് വി.ടി ബല്‍റാം 


പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്യേണ്ടവരുടെ പട്ടികയില്‍ പേരുള്ളതുകൊണ്ടാണ് യാത്രയില്‍ പങ്കെടുത്തതെന്നും പേര് ഉള്‍പ്പെടുത്തണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും കുമ്മനം പറഞ്ഞിരുന്നു. സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദി മുഖ്യമന്ത്രിയാണെന്നുമായിരുന്നു കുമ്മനത്തിന്റെ കുറ്റപ്പെടുത്തല്‍.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പം കേരളസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാഹനത്തിലാണ് താനും മെട്രോ സ്റ്റേഷനില്‍ എത്തിയത്. പ്രധാനമന്ത്രിയെ സ്വീകരിക്കാനും യാത്രയാക്കാനും താന്‍ ഒപ്പമുണ്ടായിരുന്നു. ഈ സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥരോ കേരളാ പൊലീസോ തന്നെ തടഞ്ഞിട്ടില്ല. എന്നിട്ടും വിവാദങ്ങളുണ്ടാക്കുന്നത് ഗൂഢനിക്കമാണെന്നും കുമ്മനം പറഞ്ഞിരുന്നു.

പ്രധാനമന്ത്രിക്കും വെങ്കയ്യനായിഡുവിനും പിണറായിക്കുമൊപ്പം മെട്രോയില്‍ യാത്ര നടത്തിയ കുമ്മനം സോഷ്യല്‍ മീഡിയയില്‍ പരിഹാസ ശരങ്ങളായിരുന്നു ഏറ്റുവാങ്ങിയത്. ക്ഷണിക്കാത്ത ചടങ്ങിനെത്തിയ കുമ്മനത്തെ ട്രോളുകള്‍ കൊണ്ട് മൂടുകയായിരുന്നു സൈബര്‍ലോകം.