എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എസ്.എസ് തങ്ങളെ നേരിടുന്നത് ഫാസിസ്റ്റ് രീതിയില്‍: ഒ കെ വാസു
എഡിറ്റര്‍
Tuesday 28th January 2014 8:46am

ok-vasu

കണ്ണൂര്‍: ആശയപരമായ പ്രശ്‌നങ്ങളാണ് തങ്ങളെ ബി.ജെ.പിയുമായി അകറ്റിയതെന്ന് ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റ് ഒ കെ വാസു.

താന്‍ എവിടെയെങ്കിലും ആക്രമണത്തിന് നിര്‍ദേശം നല്‍കുകയോ ആസൂത്രണംചെയ്യുകയോ ചെയ്തിട്ടില്ല. താനടക്കമുള്ളവര്‍ ബി.ജെ.പിയില്‍ നിന്ന് പുറത്തുപോയാല്‍ ആര്‍.എസ്.എസിന്റെ പല കഥകളും പുറത്തുവരുമെന്ന് നേതൃത്വം ഭയപ്പെടുന്നെന്നും ഒ.കെ വാസു പറഞ്ഞു.

ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഒ.കെ വാസുവിന്റെ വാക്കുകള്‍.

”അവര്‍ ഞങ്ങളെ ഫാസിസ്റ്റ് രീതിയിലാണ് നേരിടുന്നത്. അതിന്റെ ആദ്യപടിയായിരുന്നു ഇക്കഴിഞ്ഞ ഒക്ടോബര്‍ 29ന് പാനൂരില്‍ ഞാനടക്കമുള്ളവര്‍ക്കെതിരെ ആര്‍.എസ്.എസ് നടത്തിയ ആക്രമണം.

ഏതു നിമിഷവും ഞങ്ങള്‍ ആക്രമിക്കപ്പെട്ടേക്കാം. എതിരാളികളെ നിഷ്‌കരുണം ഇല്ലാതാക്കാന്‍ പരിശീലിച്ചവര്‍ ഞങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. അത്തരം ഫാസിസ്റ്റ് ഭീഷണിക്കും അക്രമത്തിനും വഴങ്ങാതെ ജനപക്ഷത്തുനിന്നുകൊണ്ട് മതനിരപേക്ഷതയുടെ കൊടി ഉയര്‍ത്തിപ്പിടിച്ച് ജനങ്ങളെ സേവിക്കാന്‍ ഞങ്ങള്‍ മുന്നിലുണ്ടാകും.

” കേരളത്തില്‍ മതന്യൂനപക്ഷങ്ങളും മതഭൂരിപക്ഷവും തുല്യനിലയിലുള്ളവരാണ്. അവരെ തമ്മിലടിപ്പിക്കുന്ന ഒരു രാഷ്ട്രീയത്തിനും നിലനില്‍ക്കാനാകില്ല.

ബി.ജെ.പിയുടെ ഭാഗമായി മുമ്പ് എടുക്കാന്‍ നിര്‍ബന്ധിതമായ ചില വര്‍ഗീയസമീപനങ്ങളില്‍ പശ്ചാത്തപിക്കുന്നു.

മതന്യൂനപക്ഷങ്ങള്‍ക്കനുകൂലമായി അഭിപ്രായം പറഞ്ഞതിന് തന്നെ ബി.ജെ.പി നേതൃത്വം ‘മുസ്ലിങ്ങളുടെ ആള്‍’ എന്ന് വിളിച്ചിട്ടുണ്ട്. പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴും അത്തരം അധിക്ഷേപങ്ങളുണ്ടായി.- ഒ.കെ വാസു പറയുന്നു.

ഇന്ത്യയില്‍ മോഡി തരംഗമുണ്ടെന്ന് തോന്നുന്നില്ല. മോഡിയില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെങ്കില്‍ ദല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥിതി ഇതാകുമായിരുന്നില്ലെന്നും വാസു പറഞ്ഞു.

ആര്‍.എസ്.എസിന്റെ വര്‍ഗീയ രാഷ്ട്രീയത്തോട് ഇനി അരനിമിഷം യോജിച്ചുനില്‍ക്കാനാകില്ല. ബി.ജെ.പിയില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ല. സാധാരണ പ്രവര്‍ത്തകരായി സി.പി.ഐ.എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

കേരളത്തില്‍ ബിജെപിയുടെ രാഷ്ട്രീയത്തിന് ഭാവിയില്ലെന്നും ഒ. കെ വാസു പറഞ്ഞു.

Advertisement