എഡിറ്റര്‍
എഡിറ്റര്‍
മാധ്യമങ്ങളാണോ ഈ പാതകങ്ങള്‍ ചെയ്തത്?
എഡിറ്റര്‍
Wednesday 6th June 2012 6:24pm

ഒ.കെ.ജോണി

O K Johni, ഒ.കെ ജോണിരാഷ്ട്രീയപ്പാര്‍ട്ടികള്‍ തങ്ങള്‍ക്കനുകൂലമായ രീതിയില്‍ വാര്‍ത്താ വിസ്‌ഫോടനങ്ങളുണ്ടാക്കുമ്പോള്‍ അത് മാധ്യമങ്ങളെ ശ്ലാഘിക്കുകയും എതിരാണെന്നു കാണുമ്പോള്‍ ആക്രമിക്കുകയും ചെയ്യുന്ന പ്രവണത കേരളത്തിലും ഇതാദ്യമല്ല. ഇപ്പോള്‍, ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്നുണ്ടായ പൊലീസ് അന്വേഷണങ്ങള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ കേന്ദ്രീകരിച്ചായപ്പോള്‍, അതിന്റെ കാരണക്കാര്‍ മാധ്യമങ്ങളല്ലാതിരുന്നിട്ടുകൂടി കേസന്വേഷണത്തെ പിന്തുടരുന്ന മാധ്യമങ്ങള്‍ക്കെതിരെയാണ് പാര്‍ട്ടി യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്.

ജനാധിപത്യത്തിന്റെ നാല് സ്തംഭങ്ങളിലൊന്നായി കരുതപ്പെടുന്ന മാധ്യമങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുകയും മാധ്യമസ്വാതന്ത്ര്യത്തിന്റെ അതിരുകള്‍ കൂടുതല്‍ വിപുലമാക്കുവാന്‍ പിന്തുണനല്‍കുകയും ചെയ്യേണ്ട ഒരു പുരോഗമന ജനാധിപത്യ പ്രസ്ഥാനം അകാരണമായി അവയോട് യുദ്ധം പ്രഖ്യാപിക്കുവാനൊരുങ്ങുന്നത് എന്തുകൊണ്ടാണ്? മലയാളം ടെലിവിഷന്‍ ചാനലുകള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഇതേക്കുറിച്ച് നടത്തിയ ചര്‍ച്ചകളില്‍ പാര്‍ട്ടിയുടെ വക്താക്കള്‍ പറഞ്ഞത്, മാധ്യമങ്ങള്‍ ഇടതുപക്ഷത്തെ നശിപ്പിക്കുവാനുള്ള സംഘടിത ശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നാണ്. ഈ ആരോപണവും പുതിയതല്ല.

പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമ സിന്റിക്കേറ്റ് നിലവിലുണ്ടെന്ന് പാര്‍ട്ടി സെക്രട്ടറി നേരത്തേതന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു. പാര്‍ട്ടിയുടെ അഭിപ്രായങ്ങളെയും പ്രത്യയശാസ്ത്രത്തെയും അംഗീകരിക്കാത്ത മാധ്യമങ്ങള്‍ നിരവധിയുണ്ടെന്ന അര്‍ത്ഥത്തിലാണ് ഈ പ്രസ്താവനയെങ്കില്‍ അത് വാസ്തവവുമാണ്. എല്ലാ മാധ്യമങ്ങളും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പക്ഷത്ത് നിലയുറപ്പിക്കണമെന്ന് ശഠിക്കുന്നതില്‍ യുക്തിയും ജനാധിപത്യ മര്യാദയുമില്ലെന്ന് പറയേണ്ടതില്ല. എന്നുമല്ല, മുഖ്യധാരാ അച്ചടിമാധ്യമങ്ങളില്‍ ഒരു വിഭാഗമെങ്കിലും അവയുടെ പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ കമ്മ്യൂണിസ്റ്റ് വിരോധംമൂലവും സങ്കുചിതമായ കക്ഷിരാഷ്ട്രീയതാല്‍പര്യങ്ങള്‍ മൂലവും പലപ്പോഴും മാധ്യമ ധാര്‍മ്മികതയെത്തന്നെ അപഹസിക്കുന്ന വ്യാജവാര്‍ത്തകളും വ്യാഖ്യാനങ്ങളും ഉല്‍പ്പാദിപ്പിക്കുന്നുമുണ്ട്. വിവിധ മാധ്യമങ്ങളുടെ സാന്നിദ്ധ്യമുള്ള ഒരു സമൂഹത്തില്‍ ഇത്തരം മാധ്യമാതിക്രമങ്ങള്‍ ഇതര മാധ്യമങ്ങളിലൂടെതന്നെ തുറന്നുകാട്ടപ്പെടുന്നുമുണ്ട്.

ഒരു മുഴുവന്‍സമയ വാര്‍ത്താ ചാനല്‍ ഉള്‍പ്പെടെ മൂന്ന് മലയാളം ടെലിവിഷന്‍ ചാനലുകളും പ്രചാരത്തില്‍ മൂന്നാം സ്ഥാനമുള്ള ഒരു ദിനപത്രവും സ്വന്തമായുള്ള കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, വലതുപക്ഷ മാധ്യമങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് വിലപിക്കുന്നതിനേക്കാള്‍ വലിയൊരു തമാശ വേറെയില്ല. എന്തുകൊണ്ട് സത്യം പറയാന്‍ ഈ മാധ്യമങ്ങള്‍ തയ്യാറാവുന്നില്ല? അല്ലെങ്കില്‍, എന്തുകൊണ്ട് സത്യംപറയുന്ന ഈ പാര്‍ട്ടി മാധ്യമങ്ങളെ ജനങ്ങള്‍ വിശ്വാസത്തിലെടുക്കുന്നില്ല? ഈ ചോദ്യങ്ങള്‍ക്ക് സ്വയം ഉത്തരം അന്വേഷിക്കാതെ മാധ്യമ സദാചാരത്തെക്കുറിച്ച് പറയുന്നത് ആത്മവഞ്ചനയാണ്.

മുഖ്യധാരാമാധ്യമങ്ങളുടെ കമ്പോള സംസ്‌കാരത്തെ സ്വന്തം മാധ്യമങ്ങളുടെ മുഖമുദ്രയാക്കുകയും കമ്പോളമാധ്യമങ്ങള്‍ ഇടതുപക്ഷാഭിമുഖ്യം പുലര്‍ത്താത്തതില്‍ രോഷാകുലരാവുകയും ചെയ്യുന്നത് ആത്മവഞ്ചന മാത്രമല്ല, ജനവഞ്ചനയുമാണ്. മാദ്ധ്യമവ്യവസായത്തിന്റെ ഭാഗമാകുവാന്‍ വെപ്രാളപ്പെടുന്ന സ്വന്തം മാധ്യമങ്ങളിലൂടെ പ്രേക്ഷകരില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന വിനോദസംസ്‌കാരവുംകൂടിയാണ് സമൂഹത്തെ അരാഷ്ട്രീയവല്‍കരിച്ചുകൊണ്ടിരിക്കുന്നതെന്ന വാസ്തവം കമ്മ്യൂണിസ്റ്റ് സഹയാത്രികര്‍ക്കുപോലും നാണക്കേടുണ്ടാക്കുന്നുണ്ട്. മുഖ്യധാരാ മാധ്യമങ്ങളുടെ പൈങ്കിളി സംസ്‌കാരത്തെ വിമര്‍ശിക്കുന്ന പാര്‍ട്ടി സൈദ്ധാന്തികര്‍ ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന മൗനം കുറ്റകരമാണ്. മാധ്യമ നിലപാടുകളെക്കുറിച്ച് എന്തുകൊണ്ട് ഒരു സ്വയംവിമര്‍ശനം ഇനിയും സാദ്ധ്യമാവുന്നില്ലെന്നത് പ്രസക്തമായ കാര്യമാണ്.

മുഖ്യധാരാ മാധ്യമങ്ങളുടെ പിന്തുണയോടെയല്ല ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ വളര്‍ന്നതെന്ന് അറിയാത്തവരില്ല. കേരളത്തിലെ കുപ്രസിദ്ധമായ വിമോചനസമരം എന്ന ജനാധിപത്യവിരുദ്ധ കലാപത്തില്‍ ഭൂരിപക്ഷം മാധ്യമങ്ങളും സ്വീകരിച്ച ഇടതുപക്ഷവിരുദ്ധ പ്രത്യയശാസ്ത്രം തന്നെയാണ് ഇന്നും മാധ്യമ വിപണിയെ നിയന്ത്രിക്കുന്നത്. പക്ഷപാതിത്വം പരസ്യമായി പ്രഖ്യാപിച്ചു കൊണ്ടായാലും നിഷ്പക്ഷത ഭാവിച്ചുകൊണ്ടായാലും ഏത് മാധ്യമവും അതിന്റെ പരിചരണരീതിയിലൂടെ വിനിമയം ചെയ്യുന്നത് സവിശേഷമായൊരു രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തെയാണ്.

എല്ലാ മാദ്ധ്യമങ്ങള്‍ക്കും അവരറിഞ്ഞാലുമില്ലെങ്കിലും, പരസ്യമായി സമ്മതിച്ചാലുമില്ലെങ്കിലും അവയുടെ രാഷ്ട്രീയ പക്ഷപാതിത്വങ്ങളുണ്ട്. ചിലപ്പോളത് വെറും കക്ഷിരാഷ്ട്രീയമാവാം. മറ്റുചിലപ്പോള്‍ കക്ഷിരാഷ്ട്രീയാതീതമായിത്തോന്നിപ്പിക്കുന്ന പ്രത്യയശാസ്ത്രാഭിമുഖ്യങ്ങളാവാം. അതൊരനിവാര്യതയാണ്. സ്വകാര്യ ടെലിവിഷന്‍ ചാനലുകളുടെ വരവോടെ മാധ്യമ മേഖലയിലുണ്ടായ ബഹുസ്വരത മാദ്ധ്യമങ്ങളുടെ ജനാധിപത്യവല്‍ക്കരണം എന്ന സങ്കല്‍പ്പം അസാദ്ധ്യമായൊരു സ്വപ്‌നമല്ലെന്നാക്കിയിട്ടുണ്ട്.

കേരളത്തിലും ടെലിവിഷന്‍, ജനങ്ങളുടെ അറിയുവാനുള്ള അവകാശം സാക്ഷാത്കരിക്കുന്നതില്‍ നിസ്സാരമല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. അവ്യക്തമായെങ്കിലും ജനകീയമെന്നു വിശേഷിപ്പിക്കാവുന്ന ഒരു നിലപാടും കാഴ്ചപ്പാടും പുലര്‍ത്താന്‍ അവയ്ക്ക് കഴിയുന്നുമുണ്ട്. ഇതൊക്കെയാണെങ്കിലും എല്ലാ മാധ്യമങ്ങളും തീര്‍ത്തും പുരോഗമനപരമാണെന്ന് പറയേണ്ടതുമില്ല. അവയുടെ അധാര്‍മ്മികതകളും വിമര്‍ശിക്കപ്പെടണം. അതുപക്ഷെ, കാടടച്ച് വെടിവെച്ചുകൊണ്ടാവുമ്പോള്‍ വിപരീത ഫലമാണുണ്ടാക്കുക.

കേസന്വേഷണം തുടങ്ങുന്നതിനുമുമ്പുതന്നെ, ടി.പി. ചന്ദ്രശേഖരനെ വധിച്ചത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണെന്ന മുന്‍വിധിയോടെയുള്ള പ്രചരണമുണ്ടായി എന്നത് നേരാണ്. സര്‍ക്കാറിനെ നിലനിര്‍ത്താനായി ഭരണപക്ഷം തന്നെ നടത്തിയ ഒരു ഗൂഢാലോചനയുടെ ഭാഗമായിരുന്നുവോ ഈ മഹാപാതകമെന്ന സ്വാഭാവികമായൊരു സംശയംപോലും പ്രകടിപ്പിക്കാതെയാണ് രാഷ്ട്രീയപ്പാര്‍ട്ടികളോടൊപ്പം മാധ്യമങ്ങളും ഈ ആരവത്തില്‍ പങ്കുചേര്‍ന്നതെന്നതും വാസ്തവമാണ്. എന്നാല്‍ വധിക്കപ്പെട്ട മനുഷ്യന്റെ വിധവയും കുടുംബാംഗങ്ങളും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പ്രകടിപ്പിച്ച സംശയങ്ങളെ പിന്‍പറ്റിയായിരുന്നു ഇതെന്നതുകൊണ്ട് മാധ്യമങ്ങളുടേത് ഏകപക്ഷീയമായ ഒരു മുന്‍വിധിയായിരുന്നില്ലെന്നതും കാണാതിരുന്നുകൂടാ.

ഇപ്പോള്‍, ഏതാനും പ്രാദേശിക പാര്‍ട്ടിനേതാക്കളുടെ അറസ്‌റ്റോടെ ആ ‘മുന്‍വിധി’ സാധൂകരിക്കപ്പെടുകയും പാര്‍ട്ടിയാണ് പ്രതിസ്ഥാനത്തെന്ന് ഔദ്യോഗിക സ്ഥിരീകരണവുമുണ്ടാവുകയും ചെയ്തു. പാര്‍ട്ടിയുടെ ശത്രുവായ ചന്ദ്രശേഖരനെ പാര്‍ട്ടിയല്ലാതെ മറ്റാരും കൊല്ലാനിടയില്ലെന്ന സാമാന്യമായ പൊതു ധാരണയില്‍ നിന്നുയര്‍ന്ന പ്രാഥമിക സംശയത്തെ പാര്‍ട്ടി നേതൃത്വം തന്നെയാണ് അതിന്റെ ചെയ്തികളാലും കുപ്രസിദ്ധമായ വാമൊഴി വഴക്കങ്ങളാലും പിന്നീട് കൂടുതല്‍ ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്നതാണ് വിചിത്രമായ വസ്തുത. ഇതിന്റെയെല്ലാം പിന്നില്‍ നമുക്ക് വെളിപ്പെടാത്ത മറ്റെന്തൊക്കെയോ രഹസ്യങ്ങളുണ്ടെന്നുപോലും സംശയിക്കാവുന്ന വിധത്തിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്.

പ്രത്യയശാസ്ത്ര വിയോജിപ്പുകളാല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് വിട്ടുപോയി പുതിയ സംഘടന രൂപീകരിച്ച ടി.പി. ചന്ദ്രശേഖരന്‍ അതിനിഷ്ഠൂരമായി വധിക്കപ്പെട്ടതിനുശേഷവും പാര്‍ട്ടിക്ക് അയാളോടുള്ള പകയടങ്ങിയിട്ടില്ലെന്ന മട്ടിലായിരുന്നു നേതാക്കള്‍ പൊതുവേദികളിലും മാധ്യമങ്ങളിലൂടെയും പ്രതികരിച്ചുകൊണ്ടിരുന്നത്. ഇടുക്കി ജില്ലാ സെക്രട്ടറിയുടെ ‘വ്യതിയാനം’ ഈ പരമ്പരയിലെ ഞെട്ടിക്കുന്ന ഒരതിനാടകീയതയായിരുന്നു. അദ്ദേഹത്തിന്റെ കൊലവെറി പ്രസംഗം മാത്രമല്ല, കുലംകുത്തിയായ ചന്ദ്രശേഖരന്‍ കമ്മ്യൂണിസ്റ്റാണെന്നു പറയാനാവില്ലെന്നും മറ്റുമുള്ള നേതാക്കളുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനങ്ങളുമാണ് ഈ നിഷ്ഠൂരമായ വധത്തിനു പിന്നില്‍ പാര്‍ട്ടിയാണെന്ന സംശയം സമൂഹ മനസ്സില്‍ ഉറപ്പിച്ചത്.

എന്നാല്‍, പാര്‍ട്ടിക്കെതിരായി ഇങ്ങനെയൊരു പൊതുജനാഭിപ്രായം സൃഷ്ടിച്ചത് യു.ഡി.എഫിനോടൊപ്പം നില്‍ക്കുന്ന മാധ്യമങ്ങളാണെന്നും അത്തരം മാധ്യമങ്ങളെ നേരിടുമെന്നും പാര്‍ട്ടിനേതാക്കള്‍ പറയുമ്പോള്‍, ജനാധിപത്യ പ്രക്രിയയില്‍ സജീവമായ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടാവേണ്ട സത്യസന്ധതയും ജനാധിപത്യ മര്യാദയും അതിന് നഷ്ടമാവുകയാണ്. ചന്ദ്രശേഖരന്‍വധക്കേസില്‍ അറസ്റ്റിലായവരുടെ മൊഴിയെന്ന മട്ടില്‍ മാധ്യമങ്ങള്‍ കള്ളക്കഥകള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറി കോടതിയെ സമീപിക്കുകയാണെന്നും വാര്‍ത്തയുണ്ട്. ഒരു പടികൂടി കടന്ന്, ഈ വാര്‍ത്തകളുടെ ഉറവിടം വെളിപ്പെടുത്തണമെന്ന ആവശ്യമാണ് എളമരം കരീം ഉന്നയിക്കുന്നത്. പാര്‍ട്ടിതന്നെയാണ് പാര്‍ട്ടിയെ സംശയത്തിന്റെ നിഴലിലാക്കുവാന്‍ ഇപ്പോഴും മുന്നിലുള്ളതെന്ന വാസ്തവത്തിനുനേരെ കണ്ണടച്ചുകൊണ്ട് മാധ്യമങ്ങള ശത്രുപക്ഷത്ത് പ്രതിഷ്ഠിക്കുവാന്‍ ശ്രമിച്ചതോടെ ഒഞ്ചിയം വിഭാഗീയതയും ചന്ദ്രശേഖരന്റെ വധവും എം.എം. മണിയുടെ വിപ്ലവ പ്രസംഗവും ദേശീയചാനലുകളുടെയും ചര്‍ച്ചാവിഷയമായി.

ചന്ദ്രശേഖരന്‍ വധത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് പങ്കുണ്ടെന്ന് സ്ഥാപിക്കുവാനായി ഉമ്മന്‍ചാണ്ടി സര്‍ക്കാരും പൊലീസും വലതുപക്ഷ മാധ്യമങ്ങളും ചേര്‍ന്നുണ്ടാക്കുന്ന കള്ളക്കഥകളാണ് കേസന്വേഷണത്തിന്റെ ഭാഗമായി പ്രചരിക്കുന്നതെന്നാണ് എളമരം കരീമിനെപ്പോലുള്ള നേതാക്കള്‍ പറയുന്നത്. അറസ്റ്റിലായവരെ അടിയന്തരാവസ്ഥക്കാലത്തെന്നപോലെ മൂന്നാംമുറ പ്രയോഗിച്ച് പീഡിപ്പിക്കുകയാണെന്നും പ്രതികളുടേതായി മാധ്യമങ്ങള്‍ നല്‍കുന്ന മൊഴികള്‍ വ്യാജമാണെന്നും കരീം പറയുന്നതിലും വാസ്തവമുണ്ടാവാം.

ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമായ പൊലീസ് നിഷ്പക്ഷമായ നിയമപരിപാലനമല്ല, അധികാര രാഷ്ട്രീയത്തിന്റെ താല്‍പര്യ സംരക്ഷണമാണ് മിക്കപ്പോഴും നിര്‍വ്വഹിക്കുന്നതെന്ന യാഥാര്‍ത്ഥ്യവും, പൊലീസതിക്രമങ്ങള്‍ എല്‍.ഡി.എഫ് ഭരണകാലത്തിന്റെ മാത്രം കുത്തകയല്ലെന്ന അനുഭവ സത്യവും കരീമിനോളമില്ലെങ്കിലും സാധാരണ പൗരന്മാര്‍ക്കുമറിയാം. അതുകൊണ്ട് പൊലീസില്‍നിന്ന് ചോര്‍ന്നുകിട്ടുന്ന വിവരങ്ങളെ മാത്രം അടിസ്ഥാനമാക്കി വാര്‍ത്തയുണ്ടാക്കുന്ന പഴയ രീതി ബൂമറാങ്ങാവുമെന്ന് ഇന്നത്തെ മാദ്ധ്യമപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞിട്ടുമുണ്ട്.

പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെപ്പറ്റി പൊലീസ് നല്‍കുന്ന വിവരമെന്തായാലും അത് അതേപടി ജനങ്ങളെ അറിയിക്കുക മാധ്യമങ്ങളുടെ ചുമതലയാണ്. ലഭ്യമായ വിവരങ്ങളെ മുന്‍നിര്‍ത്തി സ്വന്തം നിഗമനങ്ങളിലെത്തുകയെന്നതും അവയുടെ പതിവാണ്. ജനതാല്‍പര്യമുള്ള ഏത് കേസിലും മാധ്യമങ്ങള്‍ അനുവര്‍ത്തിക്കുന്ന രീതിയിതാണ്. കുപ്രസിദ്ധമായ ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ പൊലീസുകാര്‍ക്കുവേണ്ടി, അവര്‍ നല്‍കിയ കള്ളക്കഥകളെഴുതി വായനക്കാരെ രോമാഞ്ചമണിയിച്ച പത്രങ്ങളുടെ മുന്‍നിരയിലായിരുന്നു പാര്‍ട്ടി പത്രമെന്നതും ഇന്നാരും ഓര്‍ക്കുന്നുണ്ടാവില്ല.

കേള്‍വിയും കേള്‍പ്പോരുമില്ലാത്ത രണ്ടു പാവപ്പെട്ട മാലിക്കാരികളെ തന്റെ ഇംഗിതത്തിനു വഴങ്ങാത്തതിന്റെ പക തീര്‍ക്കാന്‍ തയ്യാറായ ഒരു പൊലീസുകാരനുവേണ്ടി ചാര സുന്ദരികളെന്നും മാലി മദാലസകളെന്നും വിശേഷിപ്പിച്ചുകൊണ്ട് ആദ്യത്തെ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചതാരാണ്? മാദ്ധ്യമങ്ങളെ ധാര്‍മ്മികത പഠിപ്പിക്കാന്‍ പുറപ്പെട്ട എളമരം കേരളത്തിലെ സെന്‍സേഷനല്‍ റിപ്പോര്‍ട്ടിങ്ങിന്റെ ചരിത്രത്തില്‍ ലേശം ഗൃഹപാഠം ചെയ്തിരുന്നുവെങ്കില്‍ മാധ്യമ വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമാവുമായിരുന്നു.

ഒഞ്ചിയം സംഭവത്തില്‍ പോലീസ് ഭാഷ്യങ്ങളെ പൊലീസ് ഭാഷ്യങ്ങളായിത്തന്നെയാണ് മാധ്യമങ്ങള്‍ അവതരിപ്പിച്ചതെന്നിരിക്കേ, വാര്‍ത്താ സ്രോതസ്സ് ആവശ്യപ്പെടുന്ന കരീമിന്റെ ലക്ഷ്യം ദുരൂഹമാണ്. മാദ്ധ്യമങ്ങളെ പ്രതിയാക്കി തല്‍ക്കാലം ഒരു പുകമറ സൃഷ്ടിക്കുകയെന്ന തന്ത്രമായാണ് മാധ്യമങ്ങള്‍ ഇതിനെ വിലയിരുത്തുന്നത്.

ചന്ദ്രശേഖരന്‍ വധക്കേസിനെക്കുറിച്ച് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് തറപ്പിച്ചുപറയുന്ന എളമരം കരീമിന് സ്വാഭാവികമായും സത്യം എന്താണെന്നറിയുമെന്നുവേണം കരുതാന്‍. എന്നാല്‍, കരീമിനറിയാവുന്ന സത്യത്തിന്റെ സ്രോതസ്സേതാണെന്ന് അദ്ദേഹം ഇതുവരെ വെളിപ്പെടുത്തിയിട്ടുമില്ല. മാധ്യമങ്ങളില്‍ വരുന്ന മൊഴികള്‍ വ്യാജമാണെന്ന വിവരം ‘വിശ്വസനീയമായ കേന്ദ്രങ്ങളില്‍’ നിന്നാണ് തനിക്ക് ലഭിച്ചതെന്ന് തികഞ്ഞ പത്ര ഭാഷയില്‍ത്തന്നെയാണ്് അദ്ദേഹം പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. വിശ്വസനീയമായ കേന്ദ്രങ്ങളെത്തന്നെയാണ് മാധ്യമങ്ങളും വാര്‍ത്തകള്‍ക്കായി ആശ്രയിക്കുകയെന്ന് കരീമിനും അറിയാത്തതല്ല. വാര്‍ത്താ സ്രോതസ്സ് പാര്‍ട്ടി കമ്മീസ്സാറുകളെ ബോദ്ധ്യപ്പെടുത്തിയതിനുശേഷം വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയാല്‍മതി എന്ന് മാധ്യമങ്ങള്‍ തീരുമാനിക്കുന്ന കാലം ഇന്ത്യയില്‍ ഉടനെയുണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹത്തിനുണ്ടാവാനിടയില്ല. ചന്ദ്രശേഖരന്റെ കൊലപാതകം തന്നെയും ഒരു മാധ്യമ സൃഷ്ടിയാണെന്ന് ആരും പറയാതിരുന്നാല്‍ ഭാഗ്യം.

ചന്ദ്രശേഖരന്റെ കൊലപാതകികളാരെന്ന് ഇനിയും കോടതിയില്‍ തെളിയിക്കപ്പെടാനിരിക്കെ, പ്രതിരോധ ശ്രമത്തിന്റെ ഭാഗമായുള്ള സ്വന്തം ചെയ്തികളാല്‍ ഓരോ ദിവസവും സ്വയം കുറ്റവാളികളായി ചമയുന്നവര്‍ മാധ്യമങ്ങളെ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണ്. അടിയന്തരാവസ്ഥയെ പഴിക്കുന്നവര്‍തന്നെ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി നിശബ്ദമാക്കാന്‍ നടത്തുന്ന ഇത്തരം ആസൂത്രിത നീക്കങ്ങളില്‍ ഫാസിസത്തിന്റെ നേരിയൊരു നിഴലുണ്ടെന്ന് ഭയപ്പെടണം.

സ്വന്തം പ്രതികരണങ്ങള്‍തന്നെയാണ് തങ്ങള്‍ക്കെതിരായ ജനവികാരം സൃഷ്ടിക്കുന്നതെന്നുപോലും തിരിച്ചറിയാനാവാത്തവിധം അന്ധത എങ്ങിനെയുണ്ടാവുന്നു? ടി. കെ. ഹംസയെയും എം.എം. മണിയെയും പോലുള്ളവര്‍ പാര്‍ട്ടിക്കുണ്ടാക്കിയ നാണക്കേടിന് അത് റിപ്പോര്‍ട്ടുചെയ്ത മാധ്യമങ്ങളെയാണോ കുറ്റം പറയേണ്ടത്? ഇത്തരം സംസ്‌കാര ശൂന്യരായ നേതാക്കള്‍ എങ്ങനെ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കടന്നുകൂടുന്നു?

രാഷ്ട്രീയപ്പാര്‍ട്ടികള്‍ സമൂഹ മദ്ധ്യത്തില്‍ വിചാരണ ചെയ്യപ്പെടുക ഒരു ജനാധിപത്യക്രമത്തില്‍ സ്വാഭാവികവും അനിവാര്യവുമാണ്. അത് പാര്‍ട്ടിയെ തകര്‍ക്കാനുള്ള വലതുപക്ഷ മാധ്യമങ്ങളുടെ ഗൂഢാലോചനയാണെന്ന് പ്രചരിപ്പിച്ചുകൊണ്ട് സ്വന്തം തെറ്റുകള്‍ മറച്ചുവെയ്ക്കാമെന്ന ഗീബല്‍സിയന്‍ തന്ത്രം ഫലിക്കാതെ വരുമ്പോഴാണ് മാധ്യമങ്ങള്‍ക്കെതിരെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക് യുദ്ധം പ്രഖ്യാപിക്കേണ്ടിവരുന്നത്.

കോണ്‍ഗ്രസിനെയും ബിജെപിയെയും മുസ്ലീം ലീഗിനെയും കുഞ്ഞാലിക്കുട്ടിയെയും മാത്രമല്ല, മാധ്യമങ്ങളുടെ ഓമനയായി വിശേഷിപ്പിക്കപ്പെടുന്ന വി.എസ്. അച്യുതാനന്ദനെയുമെല്ലാം വിമര്‍ശിക്കുകയും ആക്രമിക്കുകയും ചെയ്യാറുള്ള മാധ്യമങ്ങള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെയും വെറുതെവിടേണ്ടതില്ല. വ്യക്തികള്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുമെന്നപോലെ മാധ്യമങ്ങള്‍ക്കും അവയുടെ സവിശേഷമായ കാഴ്ച്ചപ്പാടുകളും രാഷ്ട്രീയവും പുലര്‍ത്താന്‍ അവകാശമുണ്ടെന്നിരിക്കെ, നാമെന്തിനാണ് അവയോട് അസഹിഷ്ണുക്കളാവുന്നത്?

മാധ്യമങ്ങളുടെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ പ്രസ്സ് കൗണ്‍സില്‍ പോലുള്ള സ്ഥാപനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താനും പരിഹാരമുണ്ടാക്കുവാനും കഴിയുമെന്നിരിക്കെ, നീതിക്കു വേണ്ടി മറ്റ് സമരമാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നത് മാദ്ധ്യമശത്രുതയാവും. അതാവട്ടെ ജനാധിപത്യ വിരുദ്ധമായി മാത്രമേ വിലയിരുത്തപ്പെടുകയുമുള്ളൂ.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിതന്നെയാണ് കേരളത്തിലെ ഏറ്റവും വലിയ ബഹുജന മാധ്യമം എന്ന ആത്മവിശ്വാസമായിരുന്നു, ഒരുകാലത്ത് ആ പാര്‍ട്ടിയെ കേരളത്തില്‍ സ്വീകാര്യമാക്കിയത്. കേരളത്തെ ഒരു പരിഷ്‌കൃത ജനാധിപത്യസമൂഹമാക്കിയതില്‍ ആ മാധ്യമം വഹിച്ച പങ്ക് നിസ്സാരവുമല്ല. ആ ആത്മവിശ്വാസവും പ്രസക്തിയും തീര്‍ത്തും നഷ്ടമാകുമ്പോഴാണ് അന്യ മാധ്യമങ്ങളെ ആശ്രയിക്കേണ്ടിവരുന്നതും കൂടെ നില്‍ക്കാത്തപ്പോള്‍ അവയോട് അസഹിഷ്ണുത പ്രകടിപ്പിക്കുന്നതും. നിര്‍ഭാഗ്യകരമാണത്; ഭയാനകവും.

കടപ്പാട്; സമകാലിക മലയാളം

Advertisement