Administrator
Administrator
ചാനലുകളുടെ ഭക്തിപ്രഹര്‍ഷം
Administrator
Friday 30th March 2012 6:57pm

എസ്സേയ്‌സ് / ഒ.കെ ജോണി
  നിഷ്പക്ഷവും സ്വതന്ത്രവുമെന്നു ഭാവിക്കുന്ന സ്വകാര്യ വാണിജ്യ മാദ്ധ്യമങ്ങളുടെ വര്‍ഗ്ഗീയപ്രീണനങ്ങള്‍ സമൂഹത്തിലാകെ പടര്‍ത്തുന്ന ഉന്മാദതുല്യമായ ഭക്തിപാരവശ്യം നിയമപരിപാലനത്തെപ്പോലും നിര്‍ണ്ണയിക്കുവാന്‍ തുടങ്ങിയെന്നതിന്റെ ഉദാഹരണമായിരുന്നു ആറ്റുകാല്‍ പൊങ്കാലയെച്ചൊല്ലിയുണ്ടായ വിവാദങ്ങള്‍. മതവിശ്വാസത്തെയും ആചാരങ്ങളെയും തടസപ്പെടുത്തുവാനുള്ള ഒരു ശ്രമമായി പ്രതിപക്ഷംപോലും ഇതിനെ വ്യാഖ്യാനിച്ചതോടെ ഭരണകൂടത്തിന് വിശ്വാസ സംരക്ഷകരായി അഭിനയിക്കേണ്ടിവന്നു.

ശിവാജി ഗണേശന്റെ അഭിനയത്തെക്കുറിച്ച് പറയുമ്പോലെ, കുറേയൊക്കെ അഭിനയമായിരുന്നുവെങ്കിലും ഉള്ളില്‍ത്തട്ടിയുള്ള ഭാവാഭിനയമായിരുന്നു അതെന്ന് പറയാതെവയ്യ. പൊതുവഴി തടസ്സപ്പെടുത്തിയെന്നതിന് നിയമാനുസൃതമായി നടപടിയെടുത്ത പൊലീസ് ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ പ്രത്യേകാധികാരം ഉപയോഗിച്ച് ശിക്ഷിച്ചുകൊണ്ട് ഭക്തിമാര്‍ഗ്ഗത്തിലാണ് തങ്ങളെന്ന് സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായി എന്നതാണ് അതിന്റെ പരിസമാപ്തി.

എന്നാല്‍ ഈ സംഭവത്തോട് നിയമവാഴ്ചയ്ക്കുവേണ്ടി വാദിക്കുന്നവര്‍പോലും പ്രതികരിച്ച രീതി വിചിത്രമായിരുന്നു. നിയമലംഘനമല്ല, അതിനെതിരെ നിയമത്തിന്റെ വഴി സ്വീകരിച്ച ഉദ്യോഗസ്ഥനാണ് കുറ്റവാളിയെന്ന് ഭരണകൂടം സ്ഥാപിച്ചെടുത്തപ്പോള്‍ ഏത് നിയമത്തിന്റെ പേരിലാണ് പൊലീസ് കേസെടുത്തതെന്ന ചോദ്യംപോലും വിസ്മരിക്കപ്പെട്ടു. പൊതുനിരത്തില്‍ യോഗംചേരുന്നതിനെതിരെയും വഴിതടയുന്നതിനെതിരെയും തങ്ങള്‍തന്നെ നേടിയെടുത്ത ഒരു കോടതിവിധിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പൊതുനിരത്തില്‍ പൊങ്കാലയിട്ട ഭക്തജനങ്ങള്‍ക്കെതിരെ കേസെടുത്തതെന്ന വാസ്തവം ഭരിക്കുന്നവരും പ്രതിപക്ഷവും ഒരുപോലെ ജനങ്ങളില്‍നിന്ന് മറച്ചുവെയ്ക്കുകയായിരുന്നു.

 ഉപതിരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ ഹിന്ദുക്കളെ പ്രീണിപ്പിച്ച് വോട്ടുനേടാനുള്ള  മുന്നണികളുടെ ഒരു പരിഹാസ്യ- ശ്രമമായിരുന്നു ഈ വിവാദമെന്ന വാസ്തവം മറച്ചുവെയ്ക്കുവാന്‍ മാദ്ധ്യമങ്ങളും ഉത്സാഹിച്ചു

ആ നിയമം നിലവിലുള്ളപ്പോള്‍ പൊതുവഴിയോരത്ത് യോഗംചേര്‍ന്ന ഇടതുപക്ഷനേതാക്കളില്‍പ്പലരും ഇപ്പോഴും കോടതി കയറിയിറങ്ങുകയാണെന്ന തമാശയുമുണ്ട്. പൊങ്കാലയ്ക്കുമാത്രം ഈ നിയമം ബാധകമല്ലെങ്കില്‍ അത് വെളിപ്പെടുത്താന്‍ ഭരണകൂടത്തിനും കോടതികള്‍ക്കും ബാദ്ധ്യതയില്ലേ? നിലവിലുള്ള നിയമം അനുശാസിക്കുന്നതുപോലെ ഔപചാരികമായ നടപടിക്രമം പാലിച്ച പൊലീസ് ഉദ്യോഗസ്ഥനെ ശിക്ഷിച്ച മുഖ്യമന്ത്രി കോടതിയുത്തരവിനെ വെല്ലുവിളിക്കുകയായിരുന്നുവോ എന്നത് പരിശോധിക്കേണ്ടതാരാണ്?  ഭരണകൂടം പരസ്യമായി നടത്തുന്ന നിയമലംഘനത്തില്‍ കോടതിക്ക് ഇടപെടാന്‍ ബാദ്ധ്യതയുണ്ടോ? എന്നാല്‍, ക്രമേണ ഒരു വെള്ളരിക്കാപ്പട്ടണമായിരിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ ഈവക ചോദ്യങ്ങള്‍ക്കൊന്നും ഉത്തരംകിട്ടുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല. അത്തരം ചോദ്യങ്ങള്‍ക്കുതന്നെ അനുദിനം പ്രസക്തിയില്ലാതായിക്കൊണ്ടിരിക്കുകയുമാണ്.

പിറവം ഉപതിരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ ഹിന്ദുക്കളെ പ്രീണിപ്പിച്ച് വോട്ടുനേടാനുള്ള ഇടത്-വലത് മുന്നണികളുടെ ഒരു പരിഹാസ്യശ്രമമായിരുന്നു ഈ വിവാദമെന്ന വാസ്തവം മറച്ചുവെയ്ക്കുവാന്‍ മാദ്ധ്യമങ്ങളും ഉത്സാഹിച്ചു. മാദ്ധ്യമങ്ങള്‍തന്നെ ഉണ്ടാക്കിയെടുത്ത ഭക്തിപാരവശ്യത്തിന്റെ തുടര്‍ച്ചയായിരുന്നുവല്ലോ ഈ വിവാദംതന്നെയും. ശരിക്കുമൊരു മാദ്ധ്യമസൃഷ്ടിയായിരുന്നു അത്. എന്നാല്‍ ഭക്തിക്കും നിയമത്തിനും അതതിന്റെ സ്ഥാനം വകവെച്ചുകൊടുക്കുകയെന്ന സാമാന്യനീതി പാലിക്കുവാന്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികളും മാദ്ധ്യമങ്ങളും സന്നദ്ധമായില്ല. ഇത് നിര്‍ദ്ദോഷമായൊരു നിലപാടല്ല.

മതപ്രീണനം വര്‍ഗ്ഗീയപ്രീണനമാവുകയും വര്‍ഗ്ഗീയതകള്‍തമ്മിലുള്ള ബലപരീക്ഷണത്തിന് കാരണമാവുകയും ചെയ്യുമെന്ന വാസ്തവം വിസ്മരിക്കുകയാണ് എല്ലാവരും. നമ്മുടെ നാട്ടില്‍ മതങ്ങളുടെയും മതാചാരങ്ങളുടെയും പേരിലാണ് അതതു മതങ്ങള്‍ തെരുവില്‍ ശക്തിപ്രകടനം നടത്തുന്നതും വിഭാഗീയത സൃഷ്ടിക്കുന്നതുമെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്?


അടുത്ത പേജില്‍ തുടരുന്നു

Advertisement