തിരുവനന്തപുരം: ഐ എന്‍ എല്ലിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്കും ആദര്‍ശങ്ങള്‍ക്കും എതിരാണ് യു ഡി എഫ് നയങ്ങളെന്ന് എന്‍ വൈ എല്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ അസീസ്. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് യു ഡി എഫില്‍ ചേക്കേറാനുള്ള ഐ എന്‍ എല്ലിലെ മുതിര്‍ന്ന നേതാക്കളുടെ നീക്കത്തിനെതിരെ പാര്‍ട്ടിക്കകത്ത് രൂപപ്പെട്ട് വന്ന എതിര്‍പ്പ് പരസ്യമായി. യു ഡി എഫില്‍ ഘടക കക്ഷിയാകുന്നതിനോ മുസ്ലീം ലീഗില്‍ ലയിക്കുന്നതിനോ എതിര്‍പ്പുള്ള നേതാക്കളുടെ മൗനാനുവാദത്തോടെയാണ് പാര്‍ട്ടിയുടെ യുവ സംഘടനയായ എന്‍ വൈ എല്‍ പരസ്യപ്രതികരണത്തിന് മുതിരുന്നത്.

തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ വേണമെങ്കില്‍ നീക്കുപോക്കുകള്‍ ആകാമെന്നും എന്നാല്‍ യു ഡി എഫിലേയ്ക്കില്ലെന്നുമാണ് എന്‍ വൈ എല്‍ നിലപാട്. ഇത് വ്യക്തമാക്കി എന്‍ വൈ എല്‍ സംസ്ഥാന കമ്മിറ്റി പ്രമേയം പാസ്സാക്കിയിട്ടുമുണ്ട്. യു ഡി എഫിലേക്ക് ചേക്കേറാനുള്ള ഐന്‍ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി പി എം എ സലാം എം എല്‍ എ യുടെ നേതൃത്വത്തിലുള്ള നീക്കത്തിന് പാര്‍ട്ടിയില്‍ നിന്ന് തന്നെ ആദ്യ തിരിച്ചടിയായി മാറി എന്‍ വൈ എല്‍ നിലപാട്.