ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ മുന്‍ പ്രഥമ വനിതയും പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ അമ്മയുമായ നുസ്രത് ഭൂട്ടോ അന്തരിച്ചു. 82 വയസായിരുന്നു. ദുബായിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി രോഗ ബാധിതയായിരുന്നു.

ബേനസീര്‍ വധിക്കപ്പെട്ടതിനുശേഷം ദുബായിലേക്കു താമസം മാറിയ നുസ്രത് ഭൂട്ടോയെ അല്‍ഷിമേഴ്‌സ് രോഗവും ബാധിച്ചിരുന്നു. മൃതദേഹം ദുബായില്‍നിന്നു ലാര്‍കാനയില്‍ എത്തിക്കുമെന്നാണു സൂചന.

Subscribe Us:

പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ രണ്ടാം ഭാര്യയായിരുന്നു നുസ്രത് ഭൂട്ടോ. 1951ലായിരുന്നു സുള്‍ഫിക്കര്‍ അലി ഭൂട്ടോയുമായുള്ള വിവാഹം.

ഇറാനിലെ ഒരു ധനാഢ്യനായ ബിസിനസുകാരന്റെ മകളായി 1929 ലാണു നുസ്രത് ജനിച്ചത്. ഇവരുടെ കുടുംബം പിന്നീടു കറാച്ചിയിലേക്ക് താമസം മാറുകയായിരുന്നു.

സുള്‍ഫിക്കര്‍ അലി ഭൂട്ടോയെ സിയാ ഉള്‍ ഹഖിന്റെ നേതൃത്വത്തിലുള്ള പട്ടാള ഭരണകൂടം വധിച്ചതിനുശേഷം പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തു. നുസ്രത് ഭൂട്ടോയാണ് മകള്‍ ബേനസീറിനെ നേതൃസ്ഥാനത്തേക്കു വളര്‍ത്തിക്കൊണ്ടുവന്നത്. ബേനസീറിന്റെ മന്ത്രിസഭയിലും അംഗമായിരുന്നു.