greeshmaവെള്ളറട: കാരക്കോണം സി.എസ്.ഐ. മെഡിക്കല്‍ കോളേജിലെ ഒന്നാംവര്‍ഷ ജനറല്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ഗ്രീഷ്മ (18) ഒ.പി. ബ്ലോക്കിന്റെ മൂന്നാം നിലയില്‍നിന്നും ചാടി ആത്മഹത്യചെയ്തു. കെട്ടിടത്തിനുമുകളില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി പത്തരയോടെ മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ ഇന്നു പഠിപ്പു മുടക്കും.

കീഴാറൂര്‍ കുക്കുറണി ഗ്രീഷ്മ നിവാസില്‍ ശശിധരന്റെയും ശോഭനയുടെയും മകളാണ് ഗ്രീഷ്മ. ചൊവ്വാഴ്ച വൈകീട്ട് 6.30നായിരുന്നു സംഭവം. അഞ്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ക്ലാസ് ആരംഭിച്ചത്. ദിവസവും വൈകീട്ട് ആറിന് നടക്കുന്ന പ്രാര്‍ത്ഥനയില്‍ ഗ്രീഷ്മയെ കാണാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ച കൂട്ടുകാരികളാണ് പരിക്കേറ്റ് നിലത്തുവീണ നിലയില്‍ കണ്ടത്. വീഴ്ചയില്‍ നട്ടെല്ലിനും കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് കാരക്കോണം സി.എസ്.ഐ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പി്ക്കപ്പെട്ട ഗ്രീഷ്മയുടെ മരണം 10.30-ഓടെയാണ് സ്ഥിരീകരിച്ചത്.

ആത്മഹത്യക്ക് കാരണം റാഗിങ്? പ്രതിഷേധം ശക്തം

കോളേജിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് മകള്‍ അസ്വസ്ഥയായിരുന്നെന്ന് പെണ്‍കുട്ടിയുടെ പിതാവ് ശശിധരന്‍ പറഞ്ഞു. കോളേജില്‍ വേണ്ടത്ര സ്വാതന്ത്ര്യമില്ലെന്നും ഭക്ഷണം നല്ലതല്ലെന്നും മകള്‍ പറഞ്ഞിരുന്നു. മൂവായിരം രൂപയാണ് ഹോസ്റ്റല്‍ ഫീസായി ചുമത്തുന്നത്. എന്നാല്‍ ഭക്ഷണമടക്കമുള്ള കാര്യങ്ങളില്‍ കടുത്ത അവഗണനയാണ് എന്ന് ഗ്രീഷ്മ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു.കോളേജില്‍ ചേരുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ മുപ്പതു ദിവസത്തേയ്ക്ക് വീടുമായി ബന്ധപ്പെടാന്‍ അനുവദിയ്ക്കുകയില്ല. മൊബൈല്‍ഫോണ്‍ തുടങ്ങിയ ഉപകരണങ്ങല്‍ നിഷിദ്ധമാണ്. ഈ പശ്ചാത്തലത്തിലാണ് ഗ്രീഷ്മയുടെ മുറി പരിശോധിച്ച സീനിയര്‍ വിദ്യാര്‍ഥിനി മൊബൈല്‍ഫോണ്‍ കണ്ടെത്തിയത്. ഇത് അധികൃതരെ അറിയിയ്ക്കുകയും ചെയ്തതോടെ വിദ്യാര്‍ഥിനി ഏറെ വിഷമതകള്‍ അനുഭവിച്ചു വരുകയായിരുന്നു.

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ റാഗിങ്ങിന് വിധേയമാക്കിയതിന്റെ മനോവിഷമത്തിലാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്നും പ്രതികളെ രക്ഷിക്കാനാണ് മാനേജ്‌മെന്റും കുറ്റക്കാരുടെ രക്ഷിതാക്കളും ശ്രമിക്കുന്നതെന്നും എസ്.എഫ്.ഐ. ആരോപിച്ചു.കോളേജ് മാനേജ്‌മെന്റ് സംഭവം ആദ്യം മൂടിവയ്ക്കാന്‍ ശ്രമിച്ചുവെന്നും എസ്.എഫ്.ഐ ആരോപിച്ചു.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്വാശ്രയകോളേജുകളില്‍ വിദ്യാര്‍ഥികളനുഭവിയ്ക്കുന്ന പീഢനങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് എ.ഐ. എസ്. എഫും ആവശ്യപ്പെട്ടു.റാഗിങ് നടന്നിട്ടുണ്ടാകാമെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വണ്ടിത്തടം പത്രോസ് ആവശ്യപ്പെട്ടു.

എന്നാല്‍ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം അവധി നല്‍കിയിരിക്കുകയാണെന്നും റാഗിങ് നടക്കുവാന്‍ യാതൊരു സാധ്യതയുമില്ലെന്നും മറ്റെന്തെങ്കിലും കാരണമാകാം ഇതിനുപിന്നിലെന്നും കോളേജ് അധികൃതര്‍ പറഞ്ഞു.ചില നിയന്ത്രണങ്ങള്‍ ഉണ്ടെന്നത് സത്യമാണെന്നും ഇക്കാര്യങ്ങള്‍ പ്രവേശനസമയത്തു തന്നെ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും അറിയിച്ചിട്ടുള്ളതായും കോളേജ് അധികൃതര്‍ പറഞ്ഞു. റാഗിംഗ് പോലുള്ള സംഭവങ്ങള്‍ ക്യാംപസില്‍ നില നില്‍ക്കുന്നില്ലെന്നും കോളേജ്അധികൃതര്‍ അറിയിച്ചു.

റാഗിങ് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതായി വെള്ളറട എസ്.ഐ. പറഞ്ഞു. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. ഡി.വിജയന്‍ കാരക്കോണം മെഡിക്കല്‍ കോളേജിലെത്തി അന്വേഷണം ആരംഭിച്ചു.

സംഭവത്തില്‍ കോളേജ് മാനേജമെന്റിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കാന്‍ ഇടതു വിദ്യാര്‍ഥി സംഘടനകള്‍ തീരുമാനിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സും ബി.ജെ.പിയും കാരക്കോണത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.