Categories

പോലീസ് നടപടിയുണ്ടായാല്‍ സമരം വ്യാപിപ്പിക്കുമെന്ന് നഴ്‌സുമാര്‍

malayalee-nursesകൊച്ചി: ഏറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ സമരം നടത്തുന്ന നഴ്‌സുമാര്‍ക്കെതിരെ പോലീസ് നടപടിയുണ്ടായാല്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ആശുപത്രിയില്‍ പണിമുടക്ക് നടത്തുമെന്ന് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍. ആശുപത്രിക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ലേക് ഷോര്‍ ആശുപത്രിയില്‍ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ നടത്തിവരുന്ന സമരം നഴ്‌സുമാര്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്. ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആശുപത്രിയിലെ ഹെഡ് നഴ്‌സുമാരും ഇന്നലെ സമരത്തില്‍ പങ്കാളികളായിരുന്നു. ഇതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലായി.

എന്നാല്‍ ആശുപത്രി പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടായിട്ടില്ലെന്നും ഹെഡ് നഴ്‌സുമാര്‍ മുഴുവന്‍ പേരും സമരത്തിനിറങ്ങിയിരുന്നില്ലെന്നും എം.ഡി. ഡോ. ഫിലിപ്പ് അഗസ്റ്റിന്‍ അറിയിച്ചു. നഴ്‌സുമാരുടെ സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. സമരം നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാല്‍ സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാര്‍ക്കുമെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമീപ ജില്ലകളില്‍ നിന്നുമുള്ള നഴ്‌സുമാര്‍ ആശുപത്രിയിലെത്തി അഭിവാദ്യമര്‍പ്പിക്കുന്നുണ്ട്. കൂടാതെ ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ആശുപത്രിയിലേക്ക് പ്രകടനങ്ങള്‍ നടന്നു.

അതിനിടെ നഴ്‌സുമാര്‍ നടത്തുന്ന സമരത്തിനെതിരെ മാനേജ്‌മെന്റ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ബുധനാഴ്ച പരിഗണിച്ചിരുന്നു. ആശുപത്രിക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഡോക്ടര്‍മാര്‍, രോഗികള്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജിയാലാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് പി. ആര്‍ രാമചന്ദ്രമേനോന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. സമരം ചെയ്യുന്ന നഴ്‌സുമാരുടെ സംഘടനക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.

Malayalam news

Kerala news in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.