Categories

കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ നഴ്‌സുമാരുടെ ആത്മഹത്യാ ഭീഷണി

malayalee-nurses കോതമംഗലം: കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ നഴ്‌സുമാര്‍ ആത്മഹത്യാ ഭീഷണി മുഴയ്ക്കുന്നു. ആശുപത്രിയിലെ മൂന്ന് നഴ്‌സുമാരാണ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴയ്ക്കുന്നത്.

Ads By Google

വിവിധ ആവശ്യങ്ങള്‍ ഉയര്‍ത്തി ആശുപത്രിയിലെ നഴ്‌സുമാര്‍ 100 ദിവസമായി നടത്തിവരുന്ന സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് നഴ്‌സുമാരുടെ ആത്മഹത്യാ ഭീഷണി.

സമരം ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്നാണ് നഴ്‌സുമാരുടെ ഭീഷണി. ആശുപത്രി അധികൃതരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

സ്വാതന്ത്ര്യദിനമായ ഇന്ന് രാവിലെ 8.30 ഓടെയാണ് നഴ്‌സുമാര്‍ ടെറസിന് മുകളില്‍ കയറി നിന്ന് ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇവരെ അനുനയിപ്പിക്കാനായി ആശുപത്രി അധികൃതര്‍ ടെറസിന് മുകളിലെത്തി നഴ്‌സുമാരുമായി ചര്‍ച്ച നടത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പോലീസ് ഇപ്പോള്‍ മുകളിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോതമംഗലം സബ്ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പോലീസ് മുകളിലേക്ക് കയറിയാല്‍ നഴ്‌സുമാര്‍ താഴേക്ക് ചാടിയേക്കുമെന്ന് ഭയന്നാണിത്.

മിനിമം വേതനം ഉറപ്പുവരുത്തുക, മുന്ന് ഷിഫ്റ്റ് ജോലി ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്. 2000 രൂപയാണ് തങ്ങള്‍ക്ക് ലഭിക്കുന്ന അടിസ്ഥാന ശമ്പളമെന്നാണ് നഴ്‌സുമാര്‍ പറയുന്നത്. ഇത് 9,000 രൂപവരെയാക്കി വര്‍ധിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ആശുപത്രി പൂട്ടിയിടേണ്ടി വന്നാലും നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്നാണ് അധികൃതര്‍ പറയുന്നതെന്ന്‌ സമരം നടത്തുന്ന നഴ്‌സുമാരുടെ നേതാവ് ലിന്‍സി പറഞ്ഞു.

അതിനിടെ, ഒരു കൂട്ടം നഴ്‌സുമാര്‍ ആലുവ-മൂന്നാര്‍ റോഡ് ഉപരോധിച്ച് പ്രകടനം നടത്തി. ഇത് പോലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. നാട്ടുകാര്‍ക്ക് നേരെ പോലീസ് ലാത്തിവീശി. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. നാട്ടുകാര്‍ക്ക് നേരെയുണ്ടായ കയ്യേറ്റത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തുകയാണ്.

പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. ജില്ലാ ലേബര്‍ ഓഫീസര്‍ സ്ഥലത്തേക്ക് പോയിട്ടുണ്ട്. നേരത്തെയും പലതവണ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ബോണ്ട് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരെ സ്ഥിരപ്പെടുത്തണമെന്ന നഴ്‌സുമാരുടെ ആവശ്യമാണ്  മാനേജ്‌മെന്റ് അംഗീകരിക്കാത്തത്. നിയമപരമായി ഇത് അടിച്ചമര്‍ത്താനാവില്ലെന്നതിനാല്‍ ചര്‍ച്ചയിലൂടെ അവരെ അനുനയിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഡി.വൈ.എഫ്.ഐ പോലുള്ള സംഘടനകളും നാട്ടുകാരും നഴ്‌സുമാര്‍ക്ക് ശക്തമായ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.