എഡിറ്റര്‍
എഡിറ്റര്‍
നഴ്‌സുമാരുടെ അവകാശ സമരത്തിനുനേരെ പോലീസ് ലാത്തിച്ചാര്‍ജ്; കോതമംഗലത്ത് സംഘര്‍ഷം
എഡിറ്റര്‍
Thursday 16th August 2012 12:21am
ഫോട്ടോ:നോബി പൗലോസ്‌

കോതമംഗലം:  കോതമംഗലം മാര്‍ബസേലിയസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ സമരക്കാര്‍ക്കുനേരെ പോലീസിന്റെ അതിക്രമം. സമരം ചെയ്യുന്ന നാട്ടുകാര്‍ക്കും നഴ്‌സുമാര്‍ക്കും നേരെയാണ് പോലീസ് ആവര്‍ത്തിച്ച് ലാത്തിച്ചാര്‍ജ് നടത്തുകയും കല്ലെറിയുകയും ചെയ്തത്. ഇതോടെ കോതമംഗലം യുദ്ധസമാനമായ  അവസ്ഥയിലേയ്ക്ക് നീങ്ങിയിരിക്കുകയാണ്.

Ads By Google

ആശുപത്രി മാനേജ്‌മെന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ച് നഴ്‌സുമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി നാട്ടുകാരെത്തിയതോടെ പ്രശ്‌നം രൂക്ഷമാവുകയായിരുന്നു. ഇതിനിടെ സംഘടിച്ചെത്തിയ നാട്ടുകാരിലൊരാള്‍ ആത്മത്യാ ശ്രമം നടത്തുകയും ചെയ്തു. ഇതിനകം ജില്ലാ കളക്ടര്‍ ഷേയ്ഖ് പരീത് സംഭവസ്ഥലത്തെത്തിയെങ്കിലും ചര്‍ച്ചയ്ക്ക് തങ്ങളില്ലെന്ന് നഴ്‌സുമാര്‍ കളക്ടറെ അറിയിച്ചു.

114 ദിവസമായി തുടരുന്ന സമരത്തിന് ഒത്തു തീര്‍പ്പുണ്ടാകാത്തതില്‍ പ്രതിഷേധിച്ച്  കോതമംഗലം ഇന്ന് രാവിലെ നഴ്‌സുമാര്‍ ആത്മഹത്യാ ഭീഷണി മുഴക്കി സമരം ആരംഭിക്കുകയായിരുന്നു. രാവിലെ 8.30തോടെയാണ് ആത്മഹത്യാഭീഷണിയുമായി നഴ്‌സുമാര്‍ രംഗത്തെത്തിയത്.  അതേസമയം യാതൊരു വിട്ടുവീഴിച്ചയ്ക്കും തയ്യാറല്ലെന്ന നിലപാട് മാനേജുമെന്റ് തുടര്‍ന്നു.

ഫോട്ടോ:നോബി പൗലോസ്‌

സന്ധ്യവരെ നീണ്ട സംഘര്‍ഷവും രണ്ടുതവണ ലാത്തിച്ചാര്‍ജ്ജും ആശുപത്രി പരിസരത്ത് നടന്നിരുന്നു. നഴ്‌സുമാര്‍ താഴെയിറങ്ങയതോടെ സമരം ഒത്തുതീര്‍ന്നതായി പ്രഖ്യാപനവും വന്നിരുന്നു. എന്നാല്‍ രാത്രിയില്‍ നഴ്‌സുമാരെ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ മാനേജ്‌മെന്റ് അനുവദിക്കാത്തതിനെ തുടര്‍ന്ന് നഴ്‌സുമാര്‍ സമരം പുനരാരംഭിക്കുകയായിരുന്നു.

ഹോസ്പിറ്റലിലെ മൂന്ന് നഴ്‌സുമാരാണ് ആത്മഹത്യയ്ക്ക് തയ്യാറായി സമരം നടത്തിയത്. കളവങ്ങാട് സ്വദേശി പ്രിയ, കുറുപ്പംപടി സ്വദേശി വിദ്യ, ഉപ്പുകണ്ടം സ്വദേശി അനു എന്നിവരാണ് നഴ്‌സുമാരുടെ ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിക്കണമെന്ന ആവശ്യവുമായി ആത്മഹത്യാ ഭീഷണിമുഴക്കി  ആശുപത്രി കെട്ടിടത്തിനു മുകളില്‍ കയറി സമരം നടത്തിയത്.

മിനിമം വേതനം ഉറപ്പുവരുത്തുക, മുന്ന് ഷിഫ്റ്റ് ജോലി ഏര്‍പ്പെടുത്തുക തുടങ്ങിയ ന്യായ ആവശ്യങ്ങളുമായാണ് ഇവര്‍ സമരം നടത്തുന്നത്. 2000 രൂപയാണ് തങ്ങള്‍ക്ക് ലഭിക്കുന്ന അടിസ്ഥാന ശമ്പളമെന്നാണ് നഴ്‌സുമാര്‍ പറയുന്നത്. ഇത് 9,000 രൂപവരെയാക്കി വര്‍ധിപ്പിക്കണമെന്നാണ് ഇവര്‍ ആവശ്യം ഉന്നയിച്ചിരുന്നു.

ഫോട്ടോ:നോബി പൗലോസ്‌

വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് അനുവിന്റെ വീടിന് ജപ്തി നോട്ടീസ് വന്നിരുന്നു. നഴ്‌സുമാരില്‍ ഭൂരിഭാഗവും നിര്‍ധന കുടുംബത്തില്‍പ്പെടുന്നരാണ്. ഇവരെ ക്രൂരമായി ചൂഷണം ചെയ്യുന്ന ആശുപത്രി മാനേജുമെന്റിനോട് അതി രൂക്ഷമായ പ്രതിഷേധമാണ് ജനപക്ഷത്തു നിന്ന് ഇപ്പോള്‍ വളര്‍ന്നുവരുന്നത്.

നഴ്‌സുമാരടക്കം നൂറ് കണക്കിനാളുകള്‍ സംഭവസ്ഥലത്ത് ഒത്തുകൂടുകയും ആശുപത്രിയ്ക്ക് സമീപം കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്യുകയായിരുന്നു. സമരത്തിന് പിന്തുണയുമായി ഡി.വൈ.എഫ്.ഐ ആശുപത്രിയിലേയ്ക്ക് മാര്‍ച്ച് നടത്തി.

സമരം ഒത്തു തീര്‍പ്പായില്ലെങ്കില്‍ സമരം ഏറ്റെടുക്കുമെന്ന് പ്രതിപക്ഷനേതാവ് അച്യുതാനന്ദന്‍ വ്യക്തമാക്കി. എത്രയും വേഗം സമരം ഒത്തു തീര്‍പ്പാക്കാന്‍ നചടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും തൊഴില്‍മന്ത്രി ഷിബു ബേബിജോണിനെയും ആരോഗ്യവകുപ്പ്‌ മന്ത്രി വി.എസ്. ശിവകുമാറിനെയും ഫോണില്‍ വിളിച്ച് അദ്ദേഹം സംസാരിച്ചു. സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള നീക്കം നടപ്പില്ലെന്ന് സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിട്ടുണ്ട്.

പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാരും വിവിധ സംഘടനകളും കോതമംഗലത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 16ാം തീയ്യതി രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് ഹര്‍ത്താല്‍.

 നിങ്ങളുടെ പോലീസ് ആര്‍ക്കുനേരെയാണ് കുരച്ചു ചാടുന്നത്?

Advertisement