Administrator
Administrator
നഴ്‌സുമാരുടെ ഇച്ഛാശക്തിക്ക് മുമ്പില്‍ മാര്‍ ബസാലിയേസ് മാനേജ്‌മെന്റ് മുട്ടുമടക്കി
Administrator
Thursday 16th August 2012 11:26pm

Nurses Strikes won i n Kothamangalam Mar Basalies Medidical Mission hospitalകോതമംഗലം: ഇത് നഴ്‌സുമാരുടെ ഇച്ഛാശക്തിയുടെ വിജയം. നഴ്‌സുമാരുടെ സംഭവബഹുലമായ അതിജീവന സമരത്തിന് വിജയകരമായ പരിസമാപ്തി. കോതമംഗലം മാര്‍ ബസാലിയേസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ നഴ്‌സുമാര്‍ നടത്തി വന്ന സമരം ഒത്തുതീര്‍പ്പായി. നഴ്‌സുമാരുടെ മുഴുവന്‍ വ്യവസ്ഥകളും അംഗീകരിച്ചു കൊണ്ടായിരുന്നു സമരം ഒത്തുതീര്‍പ്പായത്. ലേബര്‍ കമ്മീഷന്റെ നേതൃത്വത്തില്‍ നടന്ന ആറ് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് സമരം ഒത്തുതീര്‍പ്പായത്. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ സാനിദ്ധ്യത്തിലായിരുന്നു ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നത്.

Ads By Google

ഒത്തു തീര്‍പ്പ് വ്യവസ്ഥകള്‍ അനുസരിച്ച് സമരം ചെയ്ത നൂറ്റിയിരുപത് നഴ്‌സുമാരേയും തിരിച്ചടുക്കാന്‍ മാനേജ്‌മെന്റ് സമ്മതിച്ചു. മിനിമം വേതനം നടപ്പിലാക്കാനും സമരം ചെയ്ത ദിവസത്തെ ശമ്പളം നല്‍കാനും ധാരണയായി.  മൂന്ന് ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. ഓഗസ്റ്റ് പത്തൊമ്പതിന് കൊച്ചിയില്‍ മന്ത്രിതല യോഗ ചേര്‍ന്ന്  സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.

നൂറില്‍പരം ദിവസങ്ങളായിട്ടും ആശുപത്രി മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് യാതൊരുവിധ ഒത്തുതീര്‍പ്പുശ്രമങ്ങളും ഉണ്ടാകാത്തതിനെ തുടര്‍ന്ന് ബുധനാഴ്ച്ച മൂന്ന് നഴ്‌സുമാര്‍ ആത്മഹത്യ ഭീഷണിയുമായി രംഗത്തെത്തുകയായിരുന്നു. കളവങ്ങാട് സ്വദേശി പ്രിയ, കുറുപ്പംപടി സ്വദേശി വിദ്യ, ഉപ്പുകണ്ടം സ്വദേശി അനു എന്നിവരാണ് ആത്മഹത്യാ ഭീഷണിയുമായെത്തിയത്. ഇവര്‍ ആശുപത്രി കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ കയറിയിരുന്നുകൊണ്ടാണ് നിരാഹാരസമരം നടത്തിയത്. കൈവശം മാരക വിഷവും സൂക്ഷിച്ചിരുന്നു.

നിരാഹാര സമരം നടത്തിയതിനെ തുടര്‍ന്നും രണ്ട് ദിവസം മുഴുവന്‍ കനത്ത മഴയും വെയിലും കൊണ്ടതിനെ തുടര്‍ന്നും മൂന്നുപേരുടെയും ആരോഗ്യ സ്ഥിതി മോശമായിരുന്നു. സ്വന്തം ജീവന്‍ ത്യജിക്കേണ്ടി വന്നാലും സമരത്തില്‍ നിന്ന് പിന്മാറാനില്ലെന്ന ഈ മൂന്ന് പേരുടെയും മറ്റ് നഴ്‌സുമാരുടെയും നിശ്ചയദാര്‍ഢ്യത്തിന് മുന്നിലാണ് മാസങ്ങളായി സമരക്കാരുടെ ശബ്ദങ്ങള്‍ക്ക് ചെവികൊടുക്കാതിരുന്ന മാനേജ്‌മെന്റ് പരാജയം സമ്മതിച്ചത്.

സമരം നടത്തുന്ന നഴ്‌സുമാര്‍ക്ക് പിന്തുണയുമായി നാട്ടുകാരെത്തിയതോടെ ആശുപത്രി പരിസരം സംഘര്‍ഷ ഭരിതമാവുകയായിരുന്നു. പോലീസ് നാട്ടുകാര്‍ക്കുനേരെ നിരവധി തവണ ലാത്തിച്ചാര്‍ജ്ജ് നടത്തിയിരുന്നു. ഇത് ജനരോഷം വിളിച്ചുവരുത്തുകയും സര്‍ക്കാരിനും ആശുപത്രി മാനേജ്‌മെന്റിനും നേരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം വിളിച്ചു വരുത്തുകയമായിരുന്നു. ഇതിനിടയില്‍ നാട്ടുകാരിലൊരാള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആത്മഹത്യാശ്രമവും നടത്തി. ഇത് സമരത്തെ കൂടുതല്‍ ശക്തമാക്കുകയും നാട്ടുകാരും വിവിധ സംഘടനകളും കോതമംഗലത്ത് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിനും ഇടയാക്കിയിരുന്നു. കൊതമംഗലത്ത് സമരസഹായ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.

ഇന്ത്യന്‍ നഴ്‌സ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ രാജ്യത്തിന്റെ വിവിധ ആശുപത്രികളില്‍ സമരം നടത്തിവരികയും വിജയിക്കുകയും ചെയ്തുവെങ്കിലും കോതമംഗലത്ത് വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് മാനേജ്‌മെന്റ് നിലപാടെടുക്കുകയായിരുന്നു. സമരം ശക്തമായതിനെ തുടര്‍ന്ന് ഇന്നലെ ജില്ലാ കളക്ടറിന്റെയും ആര്‍.ഡി.ഒയുടെയും നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് സമരം ഒത്തു തീര്‍ത്തില്ലെങ്കില്‍ അത് താന്‍ ഏറ്റെടുക്കേണ്ടിവരുമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയെയും തൊഴില്‍ വകുപ്പ് മന്ത്രിയെയും ആരോഗ്യവകുപ്പ് മന്ത്രിയെയും ഫോണില്‍ വിളിച്ച് സംസാരിച്ചുരുന്നു. സമരം ശക്തമായതിനെ തുടര്‍ന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നഴ്സുമാരുടെ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ദിവസം ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ സമരം ഒത്തുതീര്‍പ്പായതായി പ്രഖ്യാപനം വന്നിരുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ ആര്‍.ഡി.ഒയുടെ ഉത്തരവ് അറിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് നഴ്‌സുമാര്‍ സമരം പുനരാരംഭിക്കുകയായിരുന്നു.

നഴ്‌സുമാരുടെ ഇച്ഛാശക്തി ഒന്നു കൊണ്ടുമാത്രമാണ് ആശുപത്രി മാനേജ്‌മെന്റിന് സമരത്തിനുമുമ്പില്‍ ഇപ്പോള്‍ മുട്ടുകുത്തേണ്ടിവന്നിരിക്കുന്നത്. വളരെ പരിതാപകരമായ തൊഴില്‍ സാഹചര്യമാണ് ആശുപത്രിയില്‍ നിലനിന്നിരുന്നതെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. ആശുപത്രിയില്‍ മിനിമം ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ പോലും നല്‍കപ്പെട്ടിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് 115 ദിവസത്തോളം നീണ്ടുനിന്ന സമരത്തിലേയ്ക്കും നാടകീയ രംഗങ്ങള്‍ക്കും കൊതമംഗലം സാക്ഷ്യം വഹിച്ചത്.

പി.സി ജോര്‍ജ്ജിന് കൂക്കിവിളി; ടി.യു കുരുവിള എം.എല്‍ എയുടെ കോലം കത്തിക്കല്‍

വ്യാഴാഴ്ച സമരസ്ഥലത്തെത്തിയ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് സമരം ഏറ്റെടുക്കാമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സമരമേറ്റെടുക്കാന്‍ വന്ന പി.സി ജോര്‍ജ്ജിനെ സമരം ചെയ്യുന്ന നഴ്‌സുമാരും നാട്ടുകാരും കൂക്കിവിളിക്കുകയും തിരിച്ചയക്കുകയുമായിരുന്നു. ജോര്‍ജ്ജിനോടൊപ്പം സമരസ്ഥലത്തെത്തിയ ടി.യു.കുരുവിളയ്ക്കും എതിരെ നാട്ടുകാര്‍ മുദ്രാവാക്യം മുഴക്കിയിരുന്നു. തുടര്‍ന്നായിരുന്നു സമരക്കാര്‍ ടി.യു കുരുവിള എം.എല്‍.എയുടെ കോലം കത്തിച്ചത്. നൂറു ദിവസത്തിലധികമായി നടത്തിവരുന്ന സമരത്തെ ഗൗരവത്തിലെടുക്കാത്തതിനെ തുടര്‍ന്നാണ് ടി.യു കുരുവിളയുടെ കോലം കത്തിച്ചത്.

Related Articles

“പ്രശ്‌നം പരിഹരിക്കാതെ ആരെങ്കിലും അവരുടെ അടുത്ത് ചെന്നാല്‍ അവര്‍ ആത്മഹത്യ ചെയ്യും”

നിങ്ങളുടെ പോലീസ് ആര്‍ക്കുനേരെയാണ് കുരച്ചു ചാടുന്നത്?

Advertisement