എഡിറ്റര്‍
എഡിറ്റര്‍
തൃശ്ശൂരില്‍ നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തില്‍
എഡിറ്റര്‍
Tuesday 13th November 2012 2:30pm

തൃശൂര്‍: തൃശൂരിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ബുധനാഴ്ച്ച മുതല്‍ അനിശ്ചിതകാല സമരം നടത്തും. കലക്ടറുമായി ഇന്ന് നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അനിശ്ചിതകാല സമരം നടത്താന്‍ നഴ്‌സുമാര്‍ തീരുമാനിച്ചത്.

Ads By Google

മദര്‍ ആശുപത്രിയില്‍ നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ ഇന്ന് പണിമുടക്കി പ്രതിഷേധിച്ചിരുന്നു. ഇന്ന് കലക്ടര്‍ വിളിച്ച് ചേര്‍ത്ത ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ ജില്ലയിലെ എല്ലാ ആശുപത്രികളിലും അനിശ്ചിതകാല സമരം തുടങ്ങുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചിരുന്നു.

നഴ്‌സുമാരുടെ ആവശ്യം ഈ മാസം പതിനേഴിന് നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമറിയിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ന് തന്നെ തീരുമാനമെടുക്കണമെന്ന് നഴ്‌സുമാരുടെ സംഘടന ഉറച്ച് നില്‍ക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.

അതേസമയം, മദര്‍ ആശുപത്രിയിലെ സമരം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്നുരാവിലെ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ ആരംഭിച്ച സമരത്തെതുടര്‍ന്ന് ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.

പണിമുടക്കിയ നഴ്‌സുമാര്‍ ഇന്നു രാവിലെ മദര്‍ ആശുപത്രിക്കു മുന്നില്‍ കാഞ്ഞാണി റോഡും ആശുപത്രിയും ഉപരോധിച്ചു.  ഓരോ ആശുപത്രിയില്‍നിന്നും നഴ്‌സുമാര്‍ ചെറുജാഥകളായാണ് മദര്‍ ആശുപത്രിക്ക് മുന്നിലെ സമരപ്പന്തലിലേക്ക് എത്തിയത്.

തൃശൂര്‍, കൊടുങ്ങല്ലൂര്‍. ചാലക്കുടി എന്നിവിടങ്ങളിലെ 14 സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരാണ് പണിമുടക്കുന്നത്. മദര്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് അടിസ്ഥാന വേതനം നല്‍കണമെന്നും സസ്‌പെന്‍ഷനില്‍ കഴിയുന്ന 15 പേരെ തിരിച്ചെടുക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഴ്‌സുമാര്‍ സമരം നടത്തുന്നത്.

Advertisement