Categories

നഴ്‌സിങ് സമരം ശക്തമാകുന്നു; കോഴിക്കോട് നാഷണല്‍ ഹോസ്പിറ്റലിലും സമരം

കോഴിക്കോട്: വേതനവര്‍ധനവും മികച്ച തൊഴില്‍ സാഹചര്യവും ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തുന്ന സമരം കൂടുതല്‍ ആശുപത്രികളിലേക്ക് വ്യാപിക്കുന്നു. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നാഷണല്‍ ഹോസ്പിറ്റലില്‍ നഴ്‌സുമാര്‍ പണിമുടക്കി സമരം തുടങ്ങി.

ആശുപത്രിയുടെ പ്രവര്‍ത്തനത്തെ അധികം ബാധിക്കാത്ത വിധത്തിലാണ് പണിമുടക്ക് നടക്കുന്നതെന്ന് സമരത്തില്‍ പങ്കെടുത്ത ജിനോ ജോര്‍ജ്ജ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു. ഇന്ന് നടത്തിയത് സൂചനാ പണിമുടക്ക് മാത്രമാണ്. ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കാതെ നൈറ്റ് ഡ്യൂട്ടിക്കുണ്ടായിരുന്ന നഴ്‌സുമാരെ കുറച്ചുസമയം കൂടി നിര്‍ത്തി പകല്‍സമയ ഡ്യൂട്ടി ചെയ്യുന്നയാള്‍ക്കാരാണ് സമരത്തില്‍ പങ്കെടുത്തത്. ഇതൊരു മുന്നറിയിപ്പായി കാണണം. ഫെബ്രുവരി ആറിന് മുമ്പ് തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിച്ച് അനിശ്ചിതകാല സമരം നടത്തുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കി.

അടിസ്ഥാന ശമ്പളം 9,000 രൂപയായി നിലനിര്‍ത്തുക, ജോലിസയമം 8 മണിക്കൂറായി നിജപ്പെടുത്തുക, ഒരു വാര്‍ഡില്‍ ഒരു സ്റ്റാഫ് നഴ്‌സിനെയെങ്കിലും അനുവദിക്കുക, ന്യായമായ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുക എന്നിവയാണ് ഇവര്‍ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങള്‍.

തങ്ങളുടെ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി ജനുവരി ആറാം തിയതി ആശുപത്രി മാനേജ്‌മെന്റിന് നോട്ടീസ് നല്‍കിയിരുന്നെന്ന് ഇവര്‍ പറയുന്നു. ഈ നോട്ടീസിന്‍മേല്‍ 15 ദിവസത്തിനകം തീരുമാനം അറിയിക്കാമെന്നാണ് മാനേജ്‌മെന്റ് പറഞ്ഞത്. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് വാക്കാല്‍ ഉറപ്പുനല്‍കുകയല്ലാതെ ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് ജിനോ പറയുന്നു. ഫെബ്രുവരി ഒന്നുമുതല്‍ മൂന്ന് ഷിഫ്റ്റ് ഏര്‍പ്പെടുത്തുമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ അത് ഉറപ്പുമാത്രമായി നിലനില്‍ക്കുകയാണെന്ന് മനസിലായപ്പോഴാണ് ഇന്ന് സൂചനാ പണിമുടക്ക് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

350 ബെഡുകളുള്ള നാഷണല്‍ ഹോസ്പിറ്റലില്‍ ഇതിന് ആനുപാതികമായി നഴ്‌സുമാരില്ലെന്നും ജിനോ ആരോപിക്കുന്നു. 13 രജിസ്‌ട്രേഡ് നഴ്‌സുമാര്‍ മാത്രമാണ് ഇവിടെയുള്ളത്. മറ്റുള്ളവരെല്ലാം നഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ്. ഇവരെ ട്രെയിനിംഗെന്ന പേരിലാണ് ഇവിടെ ജോലി ചെയ്യാനനുവദിക്കുന്നത്. ഒരു രജിസ്‌ട്രേഡ്് നഴ്‌സിന്റെ കീഴില്‍ മാത്രമേ ട്രെയിനീസിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാവൂ എന്നുണ്ട്. എന്നാല്‍ ഇവിടെ ഈ വിദ്യാര്‍ത്ഥികള്‍ തനിയെ തന്നെയാണ് രോഗികളുടെ കാര്യങ്ങള്‍ നോക്കുന്നത്.

ആശുപത്രിയില്‍ ഇപ്പോള്‍ ബി.എസ്.സി നഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് തുടക്കത്തില്‍ 3,500 രൂപയാണ് ശമ്പളം നല്‍കുന്നത്. രജിസ്‌ട്രേറ്റ് അല്ലാത്തവര്‍ക്ക് 1,500 മുതല്‍ 2,500 വരെയാണ് നല്‍കുന്നതെന്നും നഴ്‌സുമാര്‍ പറയുന്നു.

അതിനിടെ, ലേക്‌ഷോര്‍ ആശുപത്രിയിലെ സമരം മൂന്നാംദിവസത്തിലേക്കും കോലഞ്ചേരി മെഡിക്കല്‍ കോളേജിലേത് അഞ്ചാംദിവസത്തിലേക്കും കടന്നു. ലേക്‌ഷോറില്‍ സ്റ്റാഫ് നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഹെഡ്‌നഴ്‌സുമാരും പണിമുടക്കി.

ലേക്‌ഷോറില്‍ കഴിഞ്ഞദിവസം മാനേജ്‌മെന്റ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. വേതനവര്‍ധനവെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് മാനേജ്‌മെന്റ് തുറന്നടിച്ചതോടെയാണിത്. സമരം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ ലേക്‌ഷോര്‍ അധികൃതര്‍ കഴിഞ്ഞദിവസം 50 നഴ്‌സുമാരെ പുതുതായി നിയമിച്ചിരുന്നു. ഇതിന് പിന്നാലെ സമരം നടത്തിയ 50ഓളം നഴ്‌സുമാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇന്ന് അന്‍പത് നഴ്‌സുമാരെക്കൂടി ഇവര്‍ പുതുതായി നിയമിച്ചിട്ടുണ്ട്.

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ സമരം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ലേക്‌ഷോര്‍ മാനേജ്‌മെന്റ് നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Malayalam News
Kerala News in English

One Response to “നഴ്‌സിങ് സമരം ശക്തമാകുന്നു; കോഴിക്കോട് നാഷണല്‍ ഹോസ്പിറ്റലിലും സമരം”

  1. SHYJU

    മൂവയിരതഞ്ഞൂര് ഉലുവ …രോഗികളെ പിസിഞ്ഞുണ്ടാക്കുന്നത്തില്‍ ഒരു അമ്സമെങ്ങിലും കൊടുത്തൂടെ ഇവര്‍ക്ക് …..

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.