മുംബൈ: ഏഷ്യന്‍ ഹാര്‍ട്ട് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തെക്കുറിച്ച് ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍ ആരോഗ്യമന്ത്രിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാനുമായി പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്നും മനുഷ്യത്വപരമായ സമീപനം ആവശ്യമാണെന്നും അദ്ദേഹം അറിയിച്ചു.

ആസ്പത്രി അധികൃതരുടെ പീഡനങ്ങളില്‍ മനംനൊന്ത് കഴിഞ്ഞ ദിവസം ഇവിടെ ജോലി ചെയ്തിരുന്ന തൊടുപുഴ സ്വദേശിനി ബീനാ ബേബി എന്ന നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ആശുപത്രിയിലെ 250 ഓളം മലയാളി നേഴ്‌സുമാര്‍ സമരം ആരംഭിക്കുന്നത്.

Subscribe Us:

ജോലി വിട്ടു പോയാല്‍ 50,000 രൂപ നല്‍കണമെന്ന ബോണ്ട് നിയമം പിന്‍വലിക്കണമെന്നും സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കണമെന്നും ബീനയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

ആശുപത്രിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച നഴ്‌സുമാരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് നഴ്‌സുമാര്‍ക്ക് പരിക്കേറ്റിരുന്നു. നഴ്‌സുമാര്‍ ആസ്പത്രിക്കു മുന്നില്‍ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്.

ബോണ്ട് സമ്പ്രദായം അവസാനിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു നല്‍കാമെന്ന മാനേജ്‌മെന്റിന്റെ ഉറപ്പിനെത്തുടര്‍ന്ന് സമരം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചുവെങ്കിലും ഉറപ്പില്‍ നിന്ന് മാനേജ്‌മെന്റ് പിന്മാറിയതിനാല്‍ ഇന്നു മുതല്‍ സമരം വീണ്ടും ശക്തമാക്കുകയായിരുന്നു. നാളെ നടക്കുന്ന നഴ്‌സിംഗ് കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം ഉന്നയിക്കുമെന്ന് ആന്റോ ആന്റണി എം.പി അറിയിച്ചിട്ടുണ്ട്.