എഡിറ്റര്‍
എഡിറ്റര്‍
സമരത്തിലുള്ള നഴ്‌സുമാര്‍ക്ക് നേരെ കാറിടിച്ച് കയറ്റാന്‍ ശ്രമം; ഡോക്ടര്‍ അറസ്റ്റില്‍
എഡിറ്റര്‍
Friday 16th March 2012 6:13pm

എറണാകുളം:  ലേക്‌ഷോര്‍ ആശുപത്രിയില്‍ സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമം. മോഹന്‍ മഞ്ഞക്കര എന്ന ഡോക്ടറാണ് നഴ്‌സുമാര്‍ക്കിടിയിലേക്ക് കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ രണ്ടു നഴ്‌സുമാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമിച്ച ഡോക്ടര്‍ മോഹന്‍ മഞ്ഞക്കര മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു.

ലേക്‌ഷോര്‍ ആശുപത്രിയുടെ പ്രധാന പ്രവേശന കവാടത്തിനു മുന്‍പില്‍ ഇന്നലെയാണ് നഴ്‌സുമാര്‍ പ്രതിരോധ സമരം ആരംഭിച്ചത്. ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ റോഡില്‍ പ്രകടനം നടത്തിയ നഴ്‌സുമാര്‍ വൈകിട്ടോടെയാണ് പ്രവേശനകവാടത്തില്‍ കുത്തിയിരുന്ന് ഉപരോധം തുടങ്ങിയത്. സമരക്കാരെ അടിച്ചമര്‍ത്താനുള്ള ശ്രമം പലഭാഗത്തുനിന്നും ഉണ്ടായിരുന്നു.

നാളുകളായി നീളുന്ന സമരത്തിനോട് ആശുപത്രി അധികൃതര്‍ മുഖംതിരിച്ച് നില്‍ക്കുകയാണ്. ലേക്‌ഷോറിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കാനാവില്ലെന്ന നിലപാടില്‍ മാനേജ്‌മെന്റ് ഉറച്ചുനിന്നതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം.

തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലെ തീരുമാനങ്ങള്‍ ആശുപത്രി മാനേജ്‌മെന്റ് അട്ടിമറിച്ചുവെന്ന് ആരോപിച്ചാണ് നഴ്‌സുമാര്‍ ഉപരോധ സമരത്തിന് ഇറങ്ങിയത്. സമരത്തില്‍ പങ്കെടുത്ത നഴ്‌സുമാര്‍ക്കെതിരെ മാനേജ്‌മെന്റ് ശത്രുതാപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തൊഴില്‍ മന്ത്രിക്കും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും നഴ്‌സുമാര്‍ പരാതി നല്‍കിയിട്ടുണ്ട്.

Malayalam news

Kerala news in English

Advertisement