കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ തുടരുന്ന നഴ്‌സിങ് സമരം കോഴിക്കോട് ഇഖ്‌റഅ് ആശുപത്രിയിലേക്ക് കൂടി വ്യാപിച്ചു. വേതന വര്‍ധനവും മറ്റ് ആവശ്യങ്ങളുമുന്നയിച്ച് നഴ്‌സുമാര്‍ ഇഖ്‌റഅ ആശുപത്രിയില്‍ അനിശ്ചിതകാല സമരം തുടങ്ങി. ഇന്ത്യന്‍ രജിസ്‌ട്രേഡ് നഴ്‌സസ് യൂണിയന് കീഴിലാണ് സമരം. ആശുപത്രിയില്‍ ഇപ്പോഴുള്ള അടിസ്ഥാന ശമ്പളം 4000 രൂപയില്‍ നിന്ന് 9500 രൂപയാക്കി ഉയര്‍ത്തണം, ജോലി സരക്ഷിതത്വം ഉറപ്പാക്കണം, നൈറ്റ് ഷിഫ്റ്റ് അടക്കം 15 മണിക്കൂര്‍ ജോലി മൂന്ന് ഷിഫ്റ്റാക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

അതേസമയം എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ നഴ്‌സുമാര്‍ വീണ്ടും സമരത്തിനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലെ തീരുമാനങ്ങള്‍ ആശുപത്രി മാനേജ്‌മെന്റ് അട്ടിമറിച്ചുവെന്ന് ആരോപിച്ചാണ് നഴ്‌സുമാര്‍ വീണ്ടും സമരത്തിനൊരുങ്ങുന്നത്. സമരത്തില്‍ പങ്കെടുത്ത നഴ്‌സുമാര്‍ക്കെതിരെ മാനേജ്‌മെന്റ് ശത്രുതാപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തൊഴില്‍ മന്ത്രിക്കും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും നഴ്‌സുമാര്‍ പരാതി നല്‍കിയിട്ടുണ്ട്. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ മാര്‍ച്ച് ഒന്നു മുതല്‍ 30 നഴ്‌സുമാര്‍ നിരാഹാര സമരം നടത്തുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. അവരെ സഹായിക്കുന്ന 15 നഴ്‌സുമാരൊഴികെ 500 നഴ്‌സുമാര്‍ കറുത്ത ബാഡ്ജ് അണിഞ്ഞ് ജോലിക്ക് ഹാജരാകുമെന്നും അവര്‍ വ്യക്തമാക്കി.

malayalam news

Kerala news in English