കോഴിക്കോട്: കോഴിക്കോട് ഫാത്തിമാ ഹോസ്പിറ്റലില്‍ നഴ്‌സുമാര്‍ മിന്നല്‍ പണിമുടക്ക് നടത്തി. ഒരു നഴ്‌സിനെ അകാരണമായി പുറത്താക്കയത് ചോദ്യം ചെയ്യാനെത്തിയവരോട് മാനേജിംഗ് ഡയറക്ടര്‍ മോശമായി പെരുമാറിയെന്നാരോപിച്ചാണ് പണിമുടക്ക്. ആശുപത്രിയിലെ 50ഓളം നഴ്‌സുമാര്‍ സമരത്തില്‍ പങ്കെടുത്തു. ആശുപത്രി പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തിലായിരുന്നു സമരം.

സംഘടന പ്രവര്‍ത്തനത്തിന് ശ്രമിച്ച നഴ്‌സ് മാര്‍ട്ടിനെ ഒരു കാരണവുമില്ലാതെ ഇന്ന് രാവിലെ പുറത്താക്കിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതേ കുറിച്ച് ചര്‍ച്ച ചെയ്യാനായി നഴ്‌സുമാര്‍ ആശുപത്രി അഡ്മിനിസ്‌ട്രേഷന്‍ വിഭാഗവുമായി ബന്ധപ്പെട്ടു. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിനിടെ സംഭവമറിഞ്ഞെത്തിയ മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്ള നഴ്‌സുമാരെ ചീത്തവിളിക്കുകയും അടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് നഴ്‌സുമാര്‍ ആശുപത്രിക്ക് പുറത്തിറങ്ങി സമരം നടത്തുകയായിരുന്നു.

അടിസ്ഥാന ശമ്പളം ഉള്‍പ്പെടെയുള്ള തങ്ങളുടെ ആനുകൂല്യങ്ങള്‍ അനുവദിച്ചുതരണമെന്നും തങ്ങളെ ചീത്തവിളിച്ച മാനേജിംഗ് ഡയറക്ടര്‍ മാപ്പുപറയണമെന്നും നഴ്‌സുമാര്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് നഴ്‌സസ് പ്രതിനിധി മുബാറക്കും, ആശുപത്രി മാനേജ്‌മെന്റും, നാട്ടുകാരുടെ മധ്യസ്ഥതയില്‍  നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമുണ്ടായത്.

fathima hospital Calicut nurses strikeപുറത്താക്കിയ നഴ്‌സിനെ തിരിച്ചെടുക്കാമെന്ന് ആശുപത്രി മാനേജ്‌മെന്റ് ഉറപ്പുനല്‍കി. നഴ്‌സുമാര്‍ക്ക് 8,500 രൂപ അടിസ്ഥാനശമ്പളം നല്‍കാനും തീരുമാനമായി. ബി.എസ്.സി നഴ്‌സുമാര്‍ക്ക് പരഗണന നല്‍കാനും, എക്‌സിപീരിയന്‍സ് അനുസരിച്ച് ശമ്പളം വര്‍ധിപ്പിക്കാനും, മൂന്ന് ഷിഫ്റ്റ് ഏര്‍പ്പെടുത്താനും സാലറി സ്ലിപ്പ് നല്‍കാനും തീരുമാനമായതായി ചര്‍ച്ചയില്‍ പങ്കെടുത്ത മുബാറക്ക് അറിയിച്ചു.

2009ലെ സര്‍ക്കാര്‍ നിയമപ്രകാരമുള്ള ശമ്പളവും ആനുകൂല്യങ്ങളും തങ്ങള്‍ക്ക് അനുവദിച്ചുതരണമെന്ന് സമരം നടത്തുന്ന നഴ്‌സുമാര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ കാണിച്ച് മാനേജ്‌മെന്റിന് നോട്ടീസ് നല്‍കുമെന്നും പത്ത് ദിവസത്തിനുള്ളില്‍ അതില്‍ തീരുമാനമായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിനിറങ്ങുമെന്നും നഴ്‌സുമാര്‍ അറിയിച്ചു.

ഇന്ത്യന്‍ രജിസ്‌ട്രേഡ് നഴ്‌സസ് അസോസിയേഷന് സ്വാധീനമുള്ള ആശുപത്രിയാണ് ഫാത്തിമാ ഹോസ്പിറ്റല്‍. ഇവിടെ സംഘടന രൂപീകരിക്കാന്‍ മുന്നിട്ടിറങ്ങിയ മെയില്‍ നഴ്‌സുമാരെ പുറത്താക്കാന്‍ നേരത്തെയും ശ്രമം നടന്നിട്ടുണ്ടെന്ന് നഴ്‌സുമാര്‍ ആരോപിക്കുന്നു. ‘ ഇവിടുത്തെ മെയില്‍ നഴ്‌സായ മാര്‍ട്ടിന്റെ വീട്ടില്‍ ചെന്ന് മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തി. മറ്റൊരു മെയില്‍നഴ്‌സിനെ നിലവില്‍ ജോലിചെയ്തിരുന്ന ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും മറ്റൊരു ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് മാറ്റി. ഇതിന്റെ കാരണം ചോദിച്ചപ്പോള്‍ ജനറല്‍ മാനേജര്‍ പറഞ്ഞത് എം.ഡിയുടെ തീരുമാനപ്രകാരമാണ്. എം.ഡിയോട് ചോദിച്ചപ്പോള്‍ എനിക്കങ്ങിനെയൊരു നഴ്‌സിനെ അറിയില്ലെന്നും പറഞ്ഞു.’ നഴ്‌സുമാര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ശമ്പള വര്‍ധന ആവശ്യപ്പെട്ട് ഇവിടുത്തെ നഴ്‌സുമാര്‍ ഒരു മാസംമുമ്പ് മാനേജ്‌മെന്റിന് നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ രണ്ടുമാസത്തെ സമയം അനുവദിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് അടിസ്ഥാന ശമ്പളം 7,500 രൂപയാക്കുമെന്നും, മൂന്ന് ഷിഫ്റ്റ് ഏര്‍പ്പെടുത്തുമെന്നും മാനേജ്‌മെന്റ് ഇവര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു.  എന്നാല്‍ ശമ്പളം 6044 രൂപയാക്കി വര്‍ധിപ്പിച്ചതൊഴിച്ചാല്‍ മറ്റ് വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയിട്ടില്ലെന്നും നഴ്‌സുമാര്‍ പറഞ്ഞു. നേരത്തെ ഇവിടെ 1450 രൂപയാണ് അടിസ്ഥാന ശമ്പളമായി നല്‍കിയത്.  ആ സമയത്ത് ലേബര്‍ ഓഫീസില്‍ നിന്നും പരിശോധനയ്ക്കുവരുന്നവരോട് പതിനായിരത്തിന് മുകളിലാണ് അടിസ്ഥാന ശമ്പളം നല്‍കുന്നതെന്ന് മാനേജ്‌മെന്റ് പറഞ്ഞതായി നഴ്‌സുമാര്‍ ആരോപിക്കുന്നു. ശമ്പളത്തിന്റെ കണക്ക് തങ്ങള്‍ കൃത്യമായി അറിയിച്ചിട്ടും ലേബര്‍ കമ്മീഷന്‍ യാതൊരു നടപടിയെടുത്തില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.

Malayalam news

Kerala news in English