ചെന്നൈ: മികച്ച സേവന വേതന വ്യവസ്ഥകള്‍ ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തുന്ന സമരം ചെന്നൈയില്‍ വ്യാപിക്കുന്നു. ചെന്നൈയിലെ വിവിധ ആസ്പത്രികളില്‍ നഴ്‌സുമാര്‍ അനിശ്ചിതകാല സമരം തുടങ്ങി.

ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കുകയെന്നതാണ് ഇവരുടെ പ്രധാന ആവശ്യം. കൂടാതെ തമിഴ്‌നാട് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച ശമ്പളം നഴ്‌സുമാര്‍ക്ക് നല്‍കണം, ജോലി ഭാരം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.

Subscribe Us:

അപ്പോളോ, മദ്രാസ് മെഡിക്കല്‍ മിഷന്‍, ഫോര്‍ട്ടീസ് മലര്‍ എന്നീ ആസ്പത്രികളിലെ നഴ്‌സുമാരാണ് സമരം ചെയ്യുന്നത്. ആയിരത്തോളം നഴ്‌സുമാരാണ് അപ്പോളോ ആസ്പത്രിയില്‍ പണിമുടക്കുന്നത്്.

വേതനം പുതുക്കണം എന്നാവശ്യപ്പെട്ട് നഴ്‌സുമാരുടെ സംഘടന അപ്പോളോ ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ വേതന വ്യവസ്ഥ മാറ്റാന്‍ അധികൃതര്‍ തയ്യാറായില്ല എന്നറിയുന്നു.

പരാജയപ്പെട്ടതിനെ തുടര്‍ന്ന് സംഘടന സമരം പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍, അത്യാഹിത വിഭാഗങ്ങളിലെ പ്രവര്‍ത്തനം ഇതുവരെയും തടസ്സപ്പെടുത്തിയിട്ടില്ല. അതേസമയം, മദ്രാസ് മെഡിക്കല്‍ മിഷനിലും ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയിലും നഴ്‌സ് സമരം തുടരുകയാണ്.

അതിനിടെസമരം നടത്തുന്ന ചെന്നൈ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയിലെ ഏഴുപതോളം നഴ്‌സുമാരെ പോലീസ് അറസ്റ്റു ചെയ്തു. ആശുപത്രിയുടെ മുന്നില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

മദ്രാസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം രണ്ടാംദിവസത്തിലേക്ക് കടന്നു. സമരം ചെയ്യുന്ന നഴ്‌സുമാരില്‍ മുഴുവന്‍ മലയാളികളാണ്. സമരം നിര്‍ത്തിയില്ലെങ്കില്‍ ഹോസ്റ്റല്‍ മുറികളില്‍ നിന്ന് ഒഴിയണമെന്ന് നഴ്‌സുമാര്‍ക്ക് ആശുപത്രി അധികൃതര്‍ അന്ത്യശാസനം നല്‍കി.