മുംബൈ: മുംബൈയില്‍ നാലുദിവസമായി നഴ്‌സുമാര്‍ നടത്തിവന്ന സമരം അവസാനിച്ചു. സമരത്തില്‍ പങ്കെടുത്ത 192 നഴ്‌സുമാരും രാജിവെക്കും. ആശുപത്രി അധികൃതരുമായി സംസാരിച്ചശേഷം പി.ടി തോമസ് എം.പിയാണ് ഇക്കാര്യം അറിയിച്ചത്.

വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ യാതൊരു ഉപാധികളുമില്ലാതെ തിരിച്ചുനല്‍കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നേരത്തെ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുകിട്ടണമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ 50,000 രൂപ നല്‍കണമെന്ന നിബന്ധനയുണ്ടായിരുന്നു. രണ്ട് വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് ഒപ്പിട്ട എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കും. തിങ്കള്‍ മുതല്‍ വ്യാഴംവരെയുള്ള ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. ആശുപത്രിയില്‍ തുടരാനാഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്ക് തുടരാം. ഇവര്‍ക്ക് യാതൊരു പീഡനവും നേരിടേണ്ടിവരില്ലെന്ന് ആശുപത്രി അധികൃതര്‍ ഉറപ്പുനല്‍കിയതായി പി.ടി തോമസ് അറിയിച്ചു.

രാജിവെക്കുന്ന നഴ്‌സുമാര്‍ക്ക് 10ദിവസം വരെ അവര്‍ താമസിച്ചിരുന്ന ഹോസ്റ്റലില്‍ തന്നെ കഴിയാമെന്നും അധികൃതര്‍ അറിയിച്ചു. ആശുപത്രിയിലെ പീഡനങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത നഴ്‌സ് ബീനയുടെ കുടുംബത്തിന് കൂടുതല്‍ ധനസഹായം നല്‍കുമെന്നും എം.പി പറഞ്ഞു.

നഴ്‌സുമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നവംബറില്‍ നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉന്നയിക്കുമെന്നു പി.ടി തോമസ് എം.പി ഉറപ്പ് നല്‍കി. പ്രശ്‌നം പരിഹരിക്കുന്നതില്‍ നഴ്‌സിംങ് കൗണ്‍സില്‍ അംഗം ആന്റോ ആന്റണിയുടെ പങ്ക് വളരെ വലുതാണെന്നും പി.ടി തോമസ് പറഞ്ഞു.