malayalee-nursesകൊച്ചി: മൂന്നു ദിവസമായി ഇടപ്പള്ളി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍ന്നു. രാത്രി ഒരു മണി വരെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സമരം ഒത്തുതീര്‍പ്പിലായത്. ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ഖ് പരീത്, പി.രാജീവ് എം.പി, ഹൈബി ഈഡന്‍ എം.എല്‍.എ. എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ചകള്‍.

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും മാനേജ്‌മെന്റ് അംഗീകരിച്ചിട്ടുണ്ടെന്ന് ചര്‍ച്ചയ്ക്ക് ശേഷം ഇവര്‍ അറിയിച്ചു. ശമ്പളം പരിഷ്‌ക്കരണം, ജോലി സമയം ആറ് മണിക്കൂറായി കുറയ്ക്കല്‍ എന്നിവയില്‍ തീരുമാനമെടുക്കാന്‍ ഒരു സമിതിയെ രൂപീകരിച്ച് മൂന്ന് മാനസത്തിനകം പഠിച്ച് തീരുമാനമെടുക്കുമെന്നും മാനേജ്‌മെന്റ് സമ്മതിച്ചിട്ടുണ്ട്.

Subscribe Us:

സംഘടനാ പ്രവര്‍ത്തനം ആരോപിച്ച് സ്ഥലം മാറ്റിയയാളെ തല്‍ക്കാലം കൊച്ചിയില്‍ തന്നെ നിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകില്ലെന്നും മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. കെ.ചന്ദ്രന്‍പിള്ള, കൗണ്‍സിലര്‍ മഹേഷ്‌കുമാര്‍, ആശുപത്രി മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേംനായര്‍, അഡ്വ. ശ്രീകുമാര്‍, എച്ച്.ആര്‍.മാനേജര്‍ ശിവരാമകൃഷ്ണന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

നഴ്‌സുമാരുടെ അസോസിയേഷന്‍ ഭാരവാഹികളായ ആറ് പേര്‍ക്ക് അമൃത ആശുപത്രിയില്‍ വച്ച് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് നഴ്‌സുമാര്‍ സമരം തുടങ്ങിയത്. സംഘടനാ ഭാരവാഹിത്വത്തിന്റെ പേരില്‍ അസോസിയേഷനിലുള്‍പ്പെട്ട ഒരംഗത്തെ പിരിച്ചുവിട്ടതിനെ കുറിച്ചും സംഘടനാപ്രവര്‍ത്തനം ആരോപിച്ച് മറ്റൊരാളെ സ്ഥലം മാറ്റിയതിനെ കുറിച്ചും സംസാരിക്കാന്‍ മുന്‍കൂര്‍ അനുമതിയോടെ അസോസിയേഷന്‍ ഭാരവാഹികള്‍ എത്തിയപ്പോഴാണ് ഇവര്‍ക്ക് മര്‍ദ്ദനമേറ്റത്.

സമരം നടന്നുകൊണ്ടിരിക്കെ നേതാക്കന്‍മാരെ ചര്‍ച്ചയ്ക്കായി വിളിച്ചുവരുത്തി ആശുപത്രിക്കരികില്‍ വെച്ച് അന്‍പതോളം വരുന്ന ഗുണ്ടകള്‍ അരമണിക്കൂറോളം മര്‍ദ്ദിച്ചു. തുടര്‍ന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നു. ഈ സംഭവത്തിലുള്‍പ്പെട്ടെ ചിലരെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് സ്ഥിതിഗതികള്‍ ശാന്തമായതും നിര്‍ത്തി വച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ അസോസിയേഷന്‍ തയ്യാറായതും.

Malayalam news