എഡിറ്റര്‍
എഡിറ്റര്‍
കോതമംഗലം നഴ്‌സ് സമരം ഒത്തുതീര്‍പ്പായെന്ന് മന്ത്രി
എഡിറ്റര്‍
Sunday 19th August 2012 4:31pm

കൊച്ചി: കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായെന്ന് തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍. സേവന വേതന വ്യവസ്ഥകള്‍ മാനേജ്‌മെന്റ് അംഗീകരിച്ചതായി മന്ത്രി പറഞ്ഞു.

Ads By Google

നഴ്‌സുമാരുടെ മിനിമം വേതനം ഉറപ്പാക്കും. 3 ഷിഫ്റ്റ് എന്ന മുന്‍തീരുമാനം നടപ്പാക്കും. രോഗി-നഴ്‌സ് അനുപാതത്തെക്കുറിച്ച് പഠിക്കാന്‍ കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ആലുവയില്‍ ആശുപത്രി മാനേജ്‌മെന്റുമായും നഴ്‌സുമാരുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് സമരം ഒത്തുതീര്‍പ്പായെന്ന് മന്ത്രി പറഞ്ഞത്.

കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെയും ലേബര്‍ കമ്മീഷണറുടെയും സാന്നിധ്യത്തില്‍ സമരം ഒത്തുതീര്‍പ്പ് ഫോര്‍മുലയുടെ തുടര്‍ച്ചയായിരുന്നു ഇന്നത്തെ ചര്‍ച്ച.

കഴിഞ്ഞദിവസത്തെ ഒത്തുതീര്‍പ്പ് ഫോര്‍മുലകളില്‍ ചിലത് പാലിക്കാന്‍ മാനേജ്‌മെന്റ് വിസമ്മതിച്ചിരുന്നു. സമരം ചെയ്തവര്‍ക്ക് മാത്രമേ മൂന്ന് ഷിഫ്റ്റ് ഏര്‍പ്പെടുത്തൂവെന്നും അറിയിച്ചിരുന്നു. എന്നാല്‍ ആശുപത്രിയിലെ മുഴുവന്‍ പേര്‍ക്കും മൂന്ന് ഷിഫ്റ്റ് ഏര്‍പ്പെടുത്തണമെന്നായിരുന്നു നഴ്‌സുമാരുടെ ആവശ്യം. ഇക്കാര്യങ്ങളെല്ലാം ഇന്നത്തെ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

സേവന വേതന വ്യവസ്ഥ സംബന്ധിച്ച് ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തിലുണ്ടാക്കിയ ധാരണ പാലിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാവാഞ്ഞതിനെ തുടര്‍ന്നാണ് നഴ്‌സുമാര്‍ സമരം തുടങ്ങിയത്. മൂന്ന് നഴ്‌സുമാര്‍ ആത്മഹത്യാഭീഷണയുമായി ആശുപത്രിക്കെട്ടിടത്തിന് മുകളില്‍ കയറി. സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് പിന്തുണയുമായി നാട്ടുകാര്‍ എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷവും ഉണ്ടായി.

ഇതേതുടര്‍ന്ന് തൊഴില്‍ മന്ത്രി, ലേബര്‍ ഓഫീസര്‍, പ്രതിപക്ഷ നേതാവ് തുടങ്ങിയവര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും ചര്‍ച്ചകളിലൂടെ പരിഹരിക്കുകയുമായിരുന്നു.

Advertisement