കൊച്ചി: കോതമംഗലം മാര്‍ ബസേലിയസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തിന് സാഹായം നല്‍കിയ 9 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസുകാരെ ആക്രമിക്കല്‍, പൊതുഗതാഗതം തടസ്സപ്പെടുത്തല്‍, ആത്മഹത്യാപ്രേരണ, എന്നീ കേസുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Ads By Google

Subscribe Us:

സമരിത്തിന് പിന്തുണയുമായി എത്തിയ നാട്ടുകാരും പോലീസും തമ്മില്‍ കഴിഞ്ഞ ബുധനാഴ്ച്ച ഏറ്റുമുട്ടിയിരുന്നു. ക്ഷുഭിതരായ ജനങ്ങള്‍ ആശുപത്രി മാനേജ്‌മെന്റിനും പോലീസിനുമെതിരെ മുദ്രാവാക്യം മുഴക്കുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സംഘര്‍ഷമുണ്ടാകുകയും പോലീസ് ലാത്തിചാര്‍ജ്ജ് നടത്തുകയും ചെയ്തിരുന്നു.

സേവന വേതന വ്യവസ്ഥ സംബന്ധിച്ച് ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തിലുണ്ടായ ധാരണ പാലിക്കാന്‍ മാനേജ്‌മെന്റ്  തയ്യാറാവാത്തതിനെ തുടര്‍ന്നാണ് നഴ്‌സുമാര്‍ സമരം നടത്തിയത്.  സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരെയാണ് പോലീസ് അറ്‌സറ്റ് ചെയ്തിരിക്കുന്നത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് പോലീസ് വ്യത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

അതേസമയം തൊഴില്‍മന്ത്രി ഷിബു ബേബി ജോണിന്റെ നേതൃത്വത്തില്‍ നഴ്‌സുമാരും ആശുപത്രി മാനേജുമെന്റുമായി നടത്തിയ ചര്‍ച്ചയില്‍ സേവന വേതന വ്യവസ്ഥകള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു.

നഴ്‌സുമാരുടെ മിനിമം വേതനം, 3 ഷിഫ്റ്റ് എന്ന മുന്‍തീരുമാനം നടപ്പാക്കും. രോഗി-നഴ്‌സ് അനുപാതത്തെക്കുറിച്ച് പഠിക്കാന്‍ കമ്മിറ്റി രൂപീകരിക്കുമെന്നും ചര്‍ച്ചയില്‍ മന്ത്രി അറിയിച്ചു.