തൃശൂര്‍: തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന തലത്തിലേക്ക് സമരം വ്യാപിപ്പിക്കാന്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

സമരം ഒത്തുതീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി മീഡിയേഷന്‍ സമിതി ഇന്ന്  വീണ്ടും ചര്‍ച്ച നടത്തുന്നുണ്ട്. ഇത് പരാജയപ്പെട്ടാല്‍ 25ന് മാനേജ്‌മെന്റുകള്‍ക്ക് സമര നോട്ടീസ് നല്‍കും.

Ads By Google

ഡിസംബര്‍ ആദ്യം മുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം തുടങ്ങും. നാളെ മുതല്‍ ജില്ലയിലെ മുഴുവന്‍ നഴ്‌സുമാരെയും സമരത്തില്‍ പങ്കെടുപ്പിക്കാനാണ് സംഘടനയുടെ തീരുമാനം.

മദര്‍ ആശുപത്രിക്ക് മുന്നില്‍ ജില്ലയിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം 75 ദിവസം പിന്നിടുകയാണ്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നഴ്‌സ് പി. രശ്മി ആരംഭിച്ച നിരാഹാര സമരം എട്ട് ദിവസം പിന്നിട്ടു കഴിഞ്ഞു.

സഹകരണ ആശുപത്രികളിലേക്കും സമരം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്‌സുമാരുടെ സംഘടനാ നേതാക്കളുമായും വിഷയം ചര്‍ച്ച ചെയ്യാന്‍ യു.എന്‍.എ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

15 നഴ്‌സുമാരെ സസ്‌പെന്‍ഡ് ചെയ്ത വിഷയത്തില്‍  മീഡിയേഷന്‍ കമ്മിറ്റി മുന്നോട്ടുവെച്ച നിര്‍ദേശത്തില്‍ എടുക്കുന്ന തീരുമാനത്തിനനുസരിച്ചായിരിക്കും സമരം അവസാനിപ്പിക്കുന്നതിനെ കുറിച്ചുള്ള നഴ്‌സുമാരുടെ തീരുമാനം വരിക.

സസ്‌പെന്‍ഡ് ചെയ്തവര്‍ക്കെതിരെ നടക്കുന്ന അന്വേഷണം മാനേജ്‌മെന്റ് ഏറ്റെടുക്കാതെ മീഡിയേഷന്‍ കമ്മിറ്റിക്ക് വിട്ടുകൊടുക്കണമെന്നാണ് യു.എന്‍.എയുടെ വാദം.

കഴിഞ്ഞ ശനിയാഴ്ച രാത്രി ചേര്‍ന്ന കേരള പ്രൈവറ്റ്‌ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ യോഗത്തില്‍ നിലപാടുകളില്‍ അയവ് വരുത്താന്‍ മാനേജ്‌മെന്റ് തീരുമാനിച്ചതായാണ് അറിയുന്നത്. എന്തായായാലും ഇന്ന് നടക്കുന്ന അവസാനവട്ട ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് അനുസരിച്ചായിരിക്കും സംഘടനയുടെ തീരുമാനം.