Administrator
Administrator
നാഷണല്‍ ഹോസ്പിറ്റലില്‍ ഒത്തുതീര്‍പ്പ്: ബേബി മെമ്മോറിയലില്‍ നഴ്‌സുമാര്‍ സമരത്തിലേക്ക്
Administrator
Wednesday 15th February 2012 9:55am

കോഴിക്കോട്: ഫെബ്രുവരി 16 മുതല്‍ അനിശ്ചിതകാല സമരം നടത്താനുള്ള തീരുമാനം കോഴിക്കോട് നാഷണല്‍ ഹോസ്പിറ്റലിലെ നഴ്‌സുമാര്‍ പിന്‍വലിച്ചു. കഴിഞ്ഞദിവസം ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ നഴ്‌സുമാരുടെ ആവശ്യം അംഗീകരിക്കാന്‍ ആശുപത്രി മാനേജ്‌മെന്റ് തയ്യാറായതോടെയാണിത്. നാഷണല്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ആഷിക്, എച്ച്.ആര്‍ മാനേജര്‍ പ്രശോഭ്, ഇന്ത്യന്‍ രജിസ്‌ട്രേഡ് നഴ്‌സസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ലിറ്റോ വര്‍ഗീസ്, സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി റാഫിക് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം 2012 ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നിലവില്‍വരുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഇതനുസരിച്ച് 8,000 രൂപ അടിസ്ഥാന ശമ്പളമായി നല്‍കും. ജോലിസമയം മൂന്ന് ഷിഫ്റ്റായി പുനക്രമീകരിക്കുകയും ചെയ്യും.

അതിനിടെ, നാഷണല്‍ ഹോസ്പിറ്റലിന് പിന്നാലെ നഗരത്തിലെ പ്രധാന ആശുപത്രികളിലൊന്നായ ബേബി മെമ്മോറിയില്‍ ആശുപത്രിയിലെ നഴ്‌സുമാരും സമരത്തിന് തയ്യാറാവുകയാണെന്ന് ലിറ്റോ വര്‍ഗീസ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു. പതിനഞ്ച് ദിവസത്തെ സമയം നല്‍കി രണ്ട് ദിവസത്തിനുള്ളില്‍ ബേബി മെമ്മോറിയില്‍ ആശുപത്രി മാനേജ്‌മെന്റിന് നോട്ടീസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ബേബി മെമ്മോറിയില്‍ ആശുപത്രിയില്‍ 800 നഴ്‌സുമാരാണുള്ളത്. ഇവരില്‍ 500 പേര്‍ തങ്ങള്‍ സമരത്തെ പിന്തുണയ്ക്കുന്നതായി രേഖാമൂലം എഴുതി ഒപ്പിട്ടുനല്‍കിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ ശേഷിക്കുന്നവരുടെ പിന്തുണകൂടി ഉറപ്പാക്കാനാണ് നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.

അടിസ്ഥാന ശമ്പളം വര്‍ധിപ്പിക്കുക, ജോലിസമയം പുനക്രമീകരിക്കുക, എക്‌സിപീരിയന്‍സ് അനുസരിച്ച് ശമ്പളം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് ഇവിടുത്തെ നഴ്‌സുമാര്‍ പ്രധാനമായും മുന്നോട്ടുവെക്കുന്നത്.

Malayalam news

Kerala news in English

Advertisement