malayalee-nursesതൊടുപുഴ: മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് പൈങ്കുളം സേക്രട്ട് ഹാര്‍ട്ട് ആശുപത്രിയില്‍ നഴ്‌സുമാര്‍ നടത്തിവന്ന സമരം കൂടുതല്‍ ശക്തി പ്രാപിക്കുന്നു. ഇന്ന് രാവിലെ എട്ട് മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. സമരത്തെ തുടര്‍ന്ന് ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചു.

സമരത്തിന് പിന്തുണയുമായി ഇന്ത്യന്‍ നഴ്‌സിംഗ് പേരന്റ്‌സ് അസോസിയേഷനും രംഗത്തെത്തി. സമരം മറ്റ് ആശുപത്രികളിലേക്കും വ്യാപിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം.

വ്യാഴാഴ്ചത്തെ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ വീണ്ടും യോഗം ചേര്‍ന്നെങ്കിലും നേരത്തെ അംഗീകരിച്ച പലകാര്യങ്ങളില്‍ നിന്നും മാനേജ്‌മെന്റ് പിന്നോട്ടുപോയതോടെ നഴ്‌സുമാര്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറി. ഏറണാകുളം ഗസ്റ്റ് ഹൗസില്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍  വിന്‍സെന്റ് അലക്‌സിന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. മന്ത്രി ഷിബു ബേബി ജോണുമായി നടത്തിയ ചര്‍ച്ചയിലും വിജയം കണ്ടില്ല. ഇനിയൊരിക്കലും ചര്‍ച്ചക്കില്ലെന്നു മാനേജ്‌മെന്റ് പ്രഖ്യാപിക്കുകയും ചെയ്തു.

ചര്‍ച്ച പരാജയപ്പെട്ടതോടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സേക്രഡ് ഹാര്‍ട്ട് ആശുപത്രിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ആശുപത്രി വളപ്പിലേക്ക് തള്ളിക്കയറാന്‍ നടത്തിയ ശ്രമം പോലീസ് തടഞ്ഞത് സംഘര്‍ഷത്തിന് വഴിവെച്ചു. അനിഷ്ട സംഭവങ്ങള്‍ കണക്കിലെടുത്ത് ആശുപത്രി സമീപത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

അതിനിടെ സമരം നടത്തുന്ന നഴ്‌സുമാര്‍ കോതമംഗലം ‍ രൂപത ആസ്ഥാനം ഉപരോധിച്ചു.

Malayalam News

Kerala News In English