എഡിറ്റര്‍
എഡിറ്റര്‍
മലയാളി നഴ്‌സിന്റെ മരണം: ആശുപത്രിക്ക് പങ്കുണ്ടെന്ന് ബന്ധുക്കള്‍
എഡിറ്റര്‍
Friday 6th April 2012 8:25am

മുംബൈ: മലയാളി നഴ്‌സ് റോസമ്മ ആന്റണി (ബീന) യുടെ മരണത്തില്‍ ആശുപത്രി അധികൃതര്‍ക്ക് പങ്കുണ്ടെന്ന് ബന്ധുക്കള്‍. റോസമ്മയുടെ മരണം കൊലപാതകമാണെന്ന സംശയമുണ്ടെന്നും അവര്‍ അറിയിച്ചു.

16 വര്‍ഷമായി മുംബൈയിലെ ഗോള്‍ഡന്‍ പാര്‍ക്ക് ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന റോസമ്മയെ കഴിഞ്ഞദിവസമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.  കോളേജില്‍ പോയ റോസമ്മയുടെ മകന്‍ 11 മണിയോടെ ഫ്‌ളാറ്റില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

കഴിഞ്ഞ സെപ്റ്റംബറില്‍ നാട്ടില്‍ വന്ന സമയത്ത് റോസമ്മ കുട്ടനാട്ടിലെ മാങ്കൊമ്പില്‍ 10 സെന്റ് ഭൂമിയും വീടും വാങ്ങിയിരുന്നതായി അടുത്ത ബന്ധു ലാലിമ്മ തോമസ് പറയുന്നു. ഉടന്‍ ഗൃഹപ്രവേശം നടത്താന്‍ അവര്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ആശുപത്രിയിലെ സഹപ്രവര്‍ത്തകരുമായോ, അധികൃതരുമായോ ഉള്ള പ്രശ്‌നങ്ങളാവാം റോസമ്മ മരിക്കാന്‍ കാരണമെന്ന് താന്‍ സംശയിക്കുന്നതായും ലാലിമ്മ പറഞ്ഞു. ജോലികാര്യത്തില്‍ റോസമ്മ കര്‍ക്കശക്കാരിയായിരുന്നു. ഇത് ചിലപ്പോള്‍ ആശുപത്രിയുമായി ചില പ്രശ്‌നങ്ങള്‍ക്കിടയാക്കിയിരുന്നു. ഇത് കൊലപാതകമാണെന്ന് തങ്ങള്‍ സംശയിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

മെഡിക്കല്‍ രംഗത്തു വൈദഗ്ധ്യമുള്ളവരോ വ്യക്തിപരമായി അടുപ്പമുള്ളവരോ ആണു കൊലപാതകം നടത്തിയെന്നു സംശയിക്കുന്നതായി നാട്ടില്‍ നിന്നെത്തിയ ബന്ധു ഫാ. ലിജോ തോമസ് പറഞ്ഞു. ആക്രമണം നടത്തിയയാള്‍ വിരലടയാളങ്ങളും രക്തക്കറകളും ലോഷന്‍ ഉപയോഗിച്ചു കഴുകിക്കളയാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 16 വര്‍ഷമായി വസായ് ഗോള്‍ഡന്‍ പാര്‍ക്ക് ആശുപത്രിയില്‍ ജോലി ചെയ്യുന്ന റോസമ്മ മാനേജ്‌മെന്റിന്റെ വിശ്വസ്തയായിരുന്നെങ്കിലും അന്വേഷണം കാര്യക്ഷമമാക്കാന്‍ ആശുപത്രി അധികൃതര്‍ മുന്‍കൈ എടുക്കുന്നില്ലെന്നു ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു.

തലയ്ക്കു ശക്തമായ അടിയേറ്റിട്ടുണ്ടെങ്കിലും കഴുത്തു ഞെരിച്ചാണു കൊല നടത്തിയതെന്നാണു പോസ്റ്റ്‌മോര്‍ട്ടത്തില്‍ നിന്നുള്ള പ്രാഥമികസൂചന. മൃതദേഹം ഇന്നു പുലര്‍ച്ചെ അഞ്ചരയ്ക്കുള്ള വിമാനത്തില്‍ നാട്ടിലേക്കു കൊണ്ടുപോകും. സംസ്‌കാരം വൈകിട്ട് ഏഴിനു പുളിങ്കുന്ന് പുന്നക്കുന്നം സെന്റ് ജോസഫ് പള്ളിയില്‍. ഷാര്‍ജയില്‍നിന്നു ഭര്‍ത്താവ് ആന്റണി എത്തിയ ശേഷമായിരുന്നു പോസ്റ്റ്‌മോര്‍ട്ടം.

റോസമ്മയുടെ മോഷണം പോയ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ അന്വേഷിക്കുന്നു. അഞ്ചു പേര്‍ വീതമുള്ള മൂന്നു പൊലീസ് സംഘങ്ങളാണു കേസ് അന്വേഷിക്കുന്നത്.

Advertisement