nurses-strikeതിരുവനന്തപുരം: ഡോ. ബലരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനാവില്ലെന്ന ആരോഗ്യമന്ത്രി വി.എസ് ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ നഴ്‌സുമാരുടെ പ്രതിഷേധം ശക്തമാകുന്നു. ആശുപത്രി മാനേജ്‌മെന്റുമാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ആരോഗ്യമന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നാണ് നഴ്‌സുമാര്‍ ആരോപിക്കുന്നത്. സര്‍ക്കാര്‍ റിപ്പോര്‍ട്ട് തള്ളിക്കളയുകയാണെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു.

സ്വകാര്യമേഖലയിലെ സ്റ്റാഫ് നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 12,900 രൂപയാക്കണമെന്ന  ബലരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ആശുപത്രി മാനേജ്‌മെന്റുകള്‍ ശക്തമായി എതിര്‍ത്തിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ആന്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ പറഞ്ഞു. അസോസിയേഷന്‍ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ചേര്‍ന്ന് ജനറല്‍ബോഡി യോഗത്തിലാണ് തീരുമാനം.

നഴ്‌സുമാര്‍ക്ക് അധിക ശമ്പളം നല്‍കണമെന്ന് പറയുന്ന കമ്മീഷന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് അതിനുള്ള വരുമാനമാര്‍ഗ്ഗം കൂടി പറഞ്ഞുതരണമെന്ന് ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ആന്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ വക്താവ് ഡോ. ബിജു പറഞ്ഞു. നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ മാത്രമാണ് കമ്മീഷന്‍ പഠിച്ചത്. ഈ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് സ്വാകാര്യ ആശുപത്രികളുടെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കും. സ്വകാര്യ ആശുപത്രികള്‍ നേരിടുന്ന പ്രശ്‌നം പഠിക്കാന്‍ നഴ്‌സുമാരെക്കൂടി ഉള്‍പ്പെടുത്തി പുതിയൊരു കമ്മിറ്റിയെ നിയമിക്കണമെന്നും ബിജു പറഞ്ഞു.

സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജനുവരിയിലാണ് മുന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. എസ്.ബാലരാമന്‍ അധ്യക്ഷനായി സമിതിയെ നിയോഗിച്ചത്. അടിസ്ഥാന ശമ്പളം 12,900 രൂപയാക്കുക, എട്ട് മണിക്കൂര്‍ വിതമുള്ള മൂന്ന് ഷിഫ്റ്റ് എന്ന സമ്പ്രദായം നടപ്പാക്കുക എന്നിവയായിരുന്നു ബലരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍.  എല്ലാ മാസവും അഞ്ചാം തിയതിക്കകം ശമ്പളം ബാങ്ക് വഴി നല്‍കണമെന്നും നേഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റ് പിടിച്ചുവെയ്ക്കുന്ന ബോണ്ട് സമ്പ്രദായം നിര്‍ത്തലാക്കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. നേഴ്‌സുമാരെ ട്രെയിനികളായി നിയമിക്കുന്നത് നിയമവിരുദ്ധമാണെന്നും അടിയന്തരമായി ഇത് നിര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ പറുയുന്നു.

സര്‍ക്കാര്‍ മേഖലയിലെ നേഴ്‌സുമാരുടെ അടിസ്ഥാന ശമ്പളത്തില്‍ നിന്ന് ആയിരം രൂപ കുറച്ചാണ് സ്വകാര്യ മേഖലയിലെ സ്റ്റാഫ് നേഴ്‌സുമാര്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളത്. 250 രൂപ വാര്‍ഷിക ഇന്‍ക്രിമെന്റും നിര്‍ദേശിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം പരിചയമുള്ള സീനിയര്‍ സ്റ്റാഫ് നേഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 13,650 രൂപയും 300 രൂപ ഇന്‍ക്രിമെന്റും നിര്‍ദേശിക്കുന്നു. ഹെഡ്‌നേഴ്‌സുമാര്‍ക്ക് 15,150 രൂപയും 350 രൂപ ഇന്‍ക്രിമെന്റും. ഡെപ്യൂട്ടി നേഴ്‌സുമാരുടെ ശമ്പളം 17,740 രൂപയും 400 രുപ ഇന്‍ക്രിമെന്റും നേഴ്‌സിംങ് സൂപ്രണ്ടിന് 19,740 രൂപയും 450 രൂപ ഇന്‍ക്രിമെന്റും നേഴ്‌സിംങ് ഓഫീസര്‍ക്ക് 21,360 രൂപയും 500 രൂപ ഇന്‍ക്രിമെന്റുമാണ് ശുപാര്‍ശ ചെയ്യുന്നത്.

വര്‍ഷത്തില്‍ 12 കാഷ്വല്‍ ലീവ്, 12 ആന്വല്‍ ലീവ്, 13 പൊതു അവധി ദിവസങ്ങള്‍ എന്നിവയും ബാധകമാണ്. അധിക ജോലിക്ക് പകരം അവധിയോ മറ്റ് ആനുകൂല്യങ്ങളോ നല്‍കണം. നേഴ്‌സിംങ് കൗണ്‍സില്‍ നിര്‍ദേശിക്കുന്ന യോഗ്യതയും രജിസ്‌ട്രേഷനും ഉള്ളവരെ മാത്രമേ ആശുപത്രിയില്‍ നിയമിക്കാന്‍ പാടുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Malayalam News