ന്യൂദല്‍ഹി: നഴ്‌സറി ടീച്ചര്‍മാരുടെ ശമ്പളക്കാര്യത്തില്‍ കേരളത്തിന് സുപ്രീം കോടതിയുടെ വിമര്‍ശനം. തൂപ്പുകാരേക്കാള്‍ കുറഞ്ഞ ശമ്പളമാണ് നഴ്‌സറി ടീച്ചര്‍മാര്‍ക്കും ആയമാര്‍ക്കും ലഭിക്കുന്നതെന്നും കോടതി വിലയിരുത്തി.

Ads By Google

Subscribe Us:

നഴ്‌സറി ടീച്ചര്‍മാരുടേയും ആയമാരുടേയും ശമ്പളം വര്‍ധിപ്പിച്ച് ഹൈക്കോടതി ഓഗസ്റ്റ് 1 ന് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ശമ്പളം കൂട്ടിനല്‍കുന്നത് അധികബാധ്യതയാകുമെന്ന് കാണിച്ച് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

സര്‍ക്കാര്‍ വാദം പൂര്‍ണമായും തള്ളിയ കോടതി വിഷയത്തില്‍ കേരളത്തില്‍ തന്നെ യോഗം ചേര്‍ന്ന് തീരുമാനം എടുക്കേണ്ടതായിരുന്നെന്നും അതിന് വേണ്ടി ദല്‍ഹി സുപ്രീം കോടതി വരെ വരേണ്ട ആവശ്യമില്ലായിരുന്നെന്നും പറഞ്ഞു.

നഴ്‌സറി ടീച്ചര്‍മാരുടേയും ആയമാരുടേയും ശമ്പളം വര്‍ധിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി മികച്ചതായിരുന്നെന്നും ആ വിധി തന്നെ നടപ്പാക്കണമെന്നും രണ്ട് അംഗ ബെഞ്ച് അടങ്ങിയ സമിതി ചൂണ്ടിക്കാട്ടി.

നഴ്‌സറി ടീച്ചര്‍മാരും ആയമാരും വളരെ കുറഞ്ഞ വേതനത്തിലാണ് ജോലി ചെയ്യുന്നതെന്നും ശമ്പള വര്‍ധനവ് ഉടന്‍ നടപ്പാക്കണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. നഴ്‌സറി ടീച്ചേഴ്‌സ് അസോസിയേഷന്‍ നല്‍കിയ പരാതിന്‍മേലായിരുന്നു സുപ്രീം കോടതി വിധി.