എഡിറ്റര്‍
എഡിറ്റര്‍
40 പാക്കിസ്ഥാന്‍ പട്ടാളക്കാരുടെ തലകൊയ്ത് പ്രതികാരം തീര്‍ക്കണം: ശിവസേന
എഡിറ്റര്‍
Thursday 10th January 2013 11:17am

മുംബൈ: നിരപരാധികളായ ഇന്ത്യന്‍ പട്ടാളക്കാരെ നിയന്ത്രണ രേഖ ലംഘിച്ച് വന്ന് ക്രൂരമായി കൊലപ്പെടുത്തിയ പാക്കിസ്ഥാന്‍ സൈന്യത്തോട് പ്രതികാരം ചെയ്യണമെന്ന് ശിവസേന.

Ads By Google

രണ്ട് ഇന്ത്യന്‍ പട്ടാളക്കാരെ അവര്‍ കൊലപ്പെടുത്തിയെങ്കില്‍ അവരുടെ നാല്‍പ്പത് പട്ടാളക്കാരുടെ തലയറുക്കണമെന്ന് ശിവസേന എക്‌സിക്യൂട്ടീവ് പ്രസിഡന്റ് ഉദ്ദവ് താക്കറെയെ ഉദ്ദരിച്ച് കൊണ്ട് നേതാവ് സജ്ഞയ് റൗത്ത് പറഞ്ഞു.

ഇന്ത്യയുമായി യുദ്ധം ചെയ്യാനുള്ള ധൈര്യം പാക്കിസ്ഥാനുണ്ടോ, യാതൊരു പ്രകോപനവും കൂടാതെയാണ് അവര്‍ ഇന്ത്യന്‍ സൈന്യത്തിലെ രണ്ട് പേരെ വധിച്ചത്. അതിന് മറുപടി നല്‍കിയേ തീരൂ.

ഇന്ത്യയ്ക്ക് അതിന് ധൈര്യമുണ്ടെങ്കില്‍ അവരുടെ മണ്ണില്‍ ഇറങ്ങിച്ചെന്ന് അവരെ ആക്രമിക്കണം. നിങ്ങള്‍ എന്തിനാണ് ന്യൂക്ലിയര്‍ ബോംബ് കൈയ്യില്‍ വെച്ച് ഇരിക്കുന്നത്‌. അത് എടുത്ത് ഉപയോഗിക്കണം.

ഇത് നമ്മുടെ രാജ്യമാണ്. ഈ രാജ്യത്തെ സംരക്ഷിക്കാനുള്ള കടമ നമ്മുടേതാണ്. ഭരണത്തിലിരിക്കുന്നവര്‍ക്ക് അതിനാവില്ലെങ്കില്‍ അക്കാര്യം ജനങ്ങള്‍ക്ക് വിട്ട് കൊടുക്കൂ. അവര്‍ തയ്യാറാണ് ഇന്ത്യയെ സംരക്ഷിക്കാന്‍.

പാക്കിസ്ഥാനിലെ ക്രിക്കറ്റ് താരങ്ങള്‍ ഇവിടെ വന്ന് പരമ്പര കളിക്കുകയാണ്. അപ്പോഴാണ് അവര്‍ അതിര്‍ത്തിയില്‍ ഇന്ത്യക്കാരെ കൊന്നൊടുക്കുന്നത്. ഇത് അനുവദിച്ചുകൊടുക്കാന്‍ കഴിയില്ല.

ഇതിനെതിരെ പ്രതികരിക്കണം. പ്രതിരോധ മന്ത്രിയായ എ.കെ ആന്റണിക്ക് ആ സ്ഥാനത്ത് തുടരാനുള്ള അധികാരം ഇല്ല. അദ്ദേഹം രാജിവെച്ച് ഇറങ്ങിപ്പോകണം. പാക്കിസ്ഥാന്റെ ഈ ക്രൂരകൃത്യത്തിന് ഇപ്പോള്‍ മറുപടി നല്‍കിയില്ലെങ്കില്‍ അത് അവര്‍ക്ക് പ്രചോദനം നല്‍കുമെന്നും ശിവസേന വ്യക്തമാക്കി.

ഇത്തരം ക്രൂരമായ കൊലപാതകങ്ങള്‍ ഇന്ത്യന്‍ സൈനികരുടെ ആത്മവീര്യം കെടുത്തും. പാക്കിസ്ഥാനുമായി നടത്തുന്ന എല്ലാ ചര്‍ച്ചകളും അവസാനിപ്പിക്കണമെന്നും റൗത് പറഞ്ഞു.

Advertisement