ന്യൂദല്‍ഹി: ക്രീമിലെയര്‍ പരിധി ഉയര്‍ത്തുന്നതിനെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ ഹരജി എന്‍.എസ്.എസ് പിന്‍വലിക്കുന്നു. ഇതിനായി  എന്‍.എസ്.എസ് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. ക്രീമിലെയര്‍ പരിധി നാലരലക്ഷമായി ഉയര്‍ത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ നല്‍കിയ ഹരജിയാണ് എന്‍.എസ്.എസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. 2008ലെ ഹരജിയെ തുടര്‍ന്ന് അന്ന് ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.

Ads By Google

കഴിഞ്ഞദിവസം ഹരജി പരിഗണിച്ച ജസ്റ്റിസ് ആര്‍.എസ് രാധാകൃഷ്ണന്‍ കേസ് പരിഗണിക്കുന്നതില്‍ നിന്നും ഒഴിവായിരുന്നു. ഇതിന് പിന്നാലെയാണ് ഹരജി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എന്‍.എസ്.എസ് അഭിഭാഷകന്‍ കെ.വി മോഹനന്‍ അപേക്ഷ നല്‍കിയത്.

എസ്.എന്‍.ഡി.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തെ തുടര്‍ന്നാണ് എന്‍.എസ്.എസിന്റെ തീരുമാനം. സംവരണ സമുദായങ്ങളുമായി കൂടുതല്‍ അടുക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനമെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.

ക്രീമിലെയര്‍ പരിധി നാലരലക്ഷമാക്കണമെന്ന് രാജേന്ദ്രബാബു കമ്മീഷന്‍ ശുപാര്‍ശയുണ്ടായിരുന്നു. ഇതിനെതിരെ വിവിധ പിന്നോക്ക സമുദായ സംഘടനകള്‍ രംഗത്തുവന്നിരുന്നു. പിന്നോക്ക വിഭാഗങ്ങളിലെ കൂടുതല്‍ ആളുകള്‍ക്ക് നിയമനത്തില്‍ സംവരണം ലഭിക്കുന്നതിന് നിലവിലുള്ള നാലര ലക്ഷവും പോരെന്ന അഭിപ്രായമാണ് വിവിധ പിന്നാക്ക സമുദായ സംഘടനകള്‍ക്കുണ്ടായിരുന്നത്.

എം.ഇ.എസ് അടക്കമുള്ള ആറ് സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. മേല്‍ത്തട്ട് പദവി 4.5 ലക്ഷത്തില്‍ നിന്നും ഇനിയും ഉയര്‍ത്തണമെന്നാണ് എം.ഇ.എസിന്റെ ആവശ്യം.