എഡിറ്റര്‍
എഡിറ്റര്‍
ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഇപ്പോഴും രണ്ട് ധ്രുവത്തില്‍ തന്നെ: എന്‍.എസ്.എസ്
എഡിറ്റര്‍
Thursday 19th April 2012 4:30pm

കോട്ടയം: കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇപ്പോഴും രണ്ട് ധ്രുവത്തില്‍ തന്നെയാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റും പറയുന്നത് ജനങ്ങളെ വിഡ്ഢികളാക്കാന്‍ ആണെന്നും കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍.ബാലകൃഷ്ണ പിള്ളയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം എന്‍.എസ്.എസ് സുകുമാരന്‍ നായര്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഒരു മുറിയില്‍ കയറി കുറച്ച് നേരം അടച്ചിരുന്ന ശേഷം പുറത്തിറങ്ങി വെളുക്കെ ചിരിച്ചു കൊണ്ട് പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്നാണ് പറയുന്നത്. പാര്‍ട്ടിയെ അനുസരിക്കാത്ത മുഖ്യമന്തിയും പാര്‍ട്ടിയും തമ്മില്‍ യോജിപ്പാണെന്ന് പറയുന്നത് ജനങ്ങളെ വിഡ്ഢികളാക്കാനാണ്.

അതുപോലെയാണ് മന്ത്രി ഗണേശിന്റെയും കാര്യത്തില്‍ സംഭവിച്ചത്. മന്ത്രിയെയും പാര്‍ട്ടിയുടെ ചെയര്‍മാനെയും രണ്ട് മുറിയില്‍ ഇരുത്തി ചര്‍ച്ച നടത്തിയ ശേഷം പ്രശ്‌നങ്ങള്‍ പരിഹരിച്ചു എന്നു പറയുന്നതില്‍ എന്താണ് അര്‍ത്ഥമെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. ഗണേഷ്‌കുമാര്‍ അനുസരിക്കേണ്ടിയിരുന്നത് യു.ഡി.എഫിന്റെ ഫോര്‍മുലയല്ല, എന്‍.എസ്.എസിന്റെ ഫോര്‍മുല ആയിരുന്നുവെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

നേരായ നിലപാടെടുത്തില്ലെങ്കില്‍ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണന്‍പിളള പറഞ്ഞു.

Advertisement